കോട്ടയം: ആരും അറിയാതെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ്പിസിഎസ്) തെരഞ്ഞെടുപ്പ് നടത്താന്‍ നീക്കം. സംസ്ഥാനത്തെ 14 ജില്ലകളിലെ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും പങ്കാളിത്തമുള്ളതാണ് സംഘം. എന്നാല്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് ആരും അറിഞ്ഞില്ലെന്നാണ് ആരോപണം.
സിപിഎംകാരായ അംഗങ്ങളെ മാത്രം പങ്കെടുപ്പിക്കാനാണ് ഇത്തരമൊരു നീക്കത്തിന്റെ പിന്നിലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം കഴിഞ്ഞ ആറിനാണ് പുറത്തിറങ്ങിയത്. എന്നാല്‍ അംഗങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. കോട്ടയത്തെ പൊന്‍കുന്നം വര്‍ക്കി ഹാളില്‍ 31ന് രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. നോമിനേഷന് നല്‍കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.
സംഘത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ വിജ്ഞാപനവും കരട് വോട്ടര്‍ പട്ടികയും പരസ്യപ്പെടുത്തിയതല്ലാതെ രേഖാമൂലം അംഗങ്ങളെ അറിയിക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. നിലവിലെ ഭരണ സമിതികള്‍ കമ്മിറ്റി കൂടാറില്ല. എല്ലാം തോന്നിയപോലെയാണ്. മാസാമാസം സിപിഎം അനുകൂല എഴുത്തുകാരുടെ രചനകള്‍ പുറത്തിറക്കുന്നു. കൂടിയാലോചനയോ വിശകലനമോ ഇല്ലെന്നാണ് ഒട്ടുമിക്ക അംഗങ്ങളും പരാതിപ്പെടുന്നത്. ഒറ്റപ്പെടുത്തുമെന്ന ഭയം മൂലം തുറന്ന് പറയാനും പ്രതികരിക്കാനും അംഗങ്ങളും എഴുത്തുകാരും തയ്യാറാകുന്നില്ല.
പ്രശസ്തിയും പുരസ്കാരം ആഗ്രഹിക്കുന്ന എഴുത്തുകാര്‍ മനപൂര്‍വ്വും നിശബ്ദരാകുന്നു. ലോകത്തെ എല്ലാ പ്രശ്നങ്ങളിലും പ്രതികരിക്കുന്ന സാഹിത്യകാരന്മാര് തങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ജനാധിപത്യ വിരുദ്ധമായ സമീപനത്തില്‍ മൗനം പാലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: