തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശും കേരളവും തമ്മില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം സംസ്ഥാന ടൂറിസം മന്ത്രി .കടകംപള്ളി സുരേന്ദ്രന് മധ്യപ്രദേശ് ടൂറിസംമന്ത്രി ഉഷാ താക്കൂറിന് കൈമാറി. ധാരണാപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന് മധ്യപ്രദേശില്‍ നടപ്പാക്കേണ്ടത്.
ടൂറിസം മേഖലയുടെ സമ്പൂര്‍ണ വികസനം സാധ്യമാകുക ഉത്തരവാദിത്ത ടൂറിസത്തിലൂടെ മാത്രമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.കേരള മാതൃക പകര്‍ത്തുന്നതിനൊപ്പം മധ്യപ്രദേശിന്റെ സംസ്കാരിക, ടൂറിസം മേഖലയെ കേരളത്തിന് അടുത്തറിയാനും വിനിമയം ചെയ്യാനും കൂടി സാധിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഉഷാ താക്കൂര്‍ പറഞ്ഞു.
പ്രാദേശികമായ ടൂറിസം വികസനത്തിനൊപ്പം ആ പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം കൂടിയാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. മധ്യപ്രദേശുമായി ധാരണപത്രം കൈമാറിയതിലൂടെ ഉത്തരവാദിത്ത ടൂറിസം രംഗത്ത് കേരളം പുതിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ബാലകിരണ്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കാകെ മധ്യപ്രദേശ് മാതൃകയാകുകയാണെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന് കേരള കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു.
കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജ, മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറി സോണിയ മീണ, ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ്, എന്നിവര്‍ സംബന്ധിച്ചു.
ഉഷാ താക്കൂറിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കേരളത്തില്‍ പര്യടനം നടത്തുന്നുണ്ട്. ജനുവരി 12 ന് ആരംഭിച്ച പര്യടനം ഏഴ് ദിവസം നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: