ടെക്സസ്: അക്രമ പ്രവർത്തനങ്ങളിലോ കലാപത്തിലോ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും, നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം ആദ്യമായി ടെക്സസ് സന്ദർശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സൗത്ത് ടെക്സസ് – മെക്സിക്കൊ അതിർത്തിയിൽ പണിതുയർത്തിയ മതിലിന്റെ പുരോഗതി കാണാനെത്തിയതാണ് ട്രംപ്. അതിർത്തിയിലൂടെ നുഴഞ്ഞു കയറിയ മില്യൻ കണക്കിന് പേർ അമേരിക്കൻ പൗരന്മാരുടെ ജീവന് ഭീഷിണിയുയർത്തുന്നത് തടയുക എന്ന സുപ്രധാന തീരുമാനം നടപ്പാക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ നാലുവർഷം ഇമിഗ്രേഷൻ പോളസി കർശനമാക്കിയതിനെ മാറ്റി മറിക്കുവാൻ ബൈഡൻ ശ്രമിച്ചാൽ അപകടത്തിലാകുന്നത് രാജ്യത്തിന്റെ സുരക്ഷയായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഭരണം അവസാനിക്കുന്നതിന് ഏതാനും ദിവസം ബാക്കി നിൽക്കെ ജനുവരി 6 നുണ്ടായ സംഭവങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തുന്നതിനും, ഭരണത്തിൽ നിന്നും പുറത്താക്കുന്നതിനും ഡമോക്രാറ്റുകൾ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പൗരന്മാരുടെ തൊഴിൽ തട്ടിയെടുക്കുന്നതിന് അനധികൃത കുടിയേറ്റക്കാർ ശ്രമിക്കുന്നത് തടയുക മൂലം അമേരിക്കൻ നികുതിദായകരുടെ ബില്യൻ കണക്കിനു ഡോളർ മിച്ചം വയ്‌ക്കാൻ കഴിഞ്ഞതായും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: