കുന്നത്തൂര്‍: വാക്സിന് വിതരണ കേന്ദ്രങ്ങളുടൈ പട്ടികയില്‍ കുന്നത്തൂര്‍ മണ്ഡലമില്ല. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടമായി വാക്സിന് വിതരണ കേന്ദ്രം ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ അനുവദിച്ചത് 133 കേന്ദ്രങ്ങളാണ്. സംവരണ മണ്ഡലമായ കുന്നത്തൂരില്‍ ഒരുകേന്ദ്രം വേണമെന്ന ആവശ്യം ശക്തമായി.
രണ്ട് സിഎച്ച്സിയും ഒരു താലൂക്ക് ആശുപത്രിയുമുള്ള മണ്ഡലത്തില്‍ ഒരു കേന്ദ്രം അനുവദിക്കണമെന്ന വികാരം ശക്തമാണ്. ഇവിടെ ആദ്യഘട്ടം വാക്സിനേഷന് തേടുന്ന ആരോഗ്യപ്രവര്‍ത്തകരടക്കം കരുനാഗപ്പള്ളിയില്‍ പോയി വാക്സിനേഷന് സ്വീകരിക്കണമെന്നതാണ് അവസ്ഥ. കരുനാഗപ്പള്ളിയില്‍ വലിയ തിരക്കിനും ഇതുകാരണമാകും. അല്ലെങ്കില്‍ കിലോമീറ്ററുകള്‍ പിന്നെയും താണ്ടി ചവറയിലോ കൊല്ലത്തോ പോകേണ്ടി വരും.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും കശുവണ്ടിത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലത്തില്‍ കോവിഡ് വാക്സിന് വിതരണകേന്ദ്രം ആദ്യഘട്ടത്തില്‍ തന്നെ തുടങ്ങേണ്ടതായിരുന്നെന്നും എങ്കില്‍ മാത്രമേ പോരായ്മകള്‍ പരിഹരിച്ച് തുടര്‍ന്നുള്ള വാക്സിനേഷന് സുഗമമായി നടത്താന്‍ കഴിയുമായിരുന്നുള്ളുവെന്നും ചൂണ്ടിക്കാട്ടുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ തന്നെ വാക്സിനേഷന് കേന്ദ്രം ആരംഭിച്ചാല്‍ എല്ലാവര്ക്കും സൗകര്യപ്രദമാകും.
വാക്സിന് വിതരണം: 9 കേന്ദ്രങ്ങളും സുസജ്ജം
വാക്സിന് കുത്തിവയ്പിന് ജില്ലയിലെ ഒന്‍പത് വാക്സിന് കേന്ദ്രങ്ങളും സര്‍വസജ്ജം. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനും സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
9 കേന്ദ്രങ്ങളിലായാണ് ആദ്യഘട്ടത്തില്‍ വാക്സിന് വിതരണം നടക്കുക. വിതരണകേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ് സൗകര്യമുണ്ടാകും. വാക്സിനേഷന് റൂം, വെയിറ്റിങ് റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയും ജനറേറ്റര്‍ സൗകര്യങ്ങളും എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വാക്സിന് വിതരണത്തിലെ മുന്‍ഗണനാക്രമം, ആവശ്യമായ സജീകരണങ്ങള്‍, പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ വിലയിരുത്തും.
ആദ്യഘട്ടത്തില്‍ 900 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ കെഎംസിഎല്ലിന്റെ കൂളറില്‍ വാക്സിന് സംഭരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: