തൊടുപുഴ: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ സിനിമാ കൊട്ടകകള്‍ വീണ്ടും ഉണരും. പാതി സീറ്റില്‍ മാത്രം ആളെ ഇരുത്തി, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും തിയേറ്ററുകളില്‍ പ്രദര്‍ശനം, ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല.
ജില്ലയിലെ തിയേറ്ററുകളില്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് ഷോകളാണ് ഉണ്ടാവുക. രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയിലാവും ഷോകള്‍. ഇന്നലെ വൈകിട്ട് മുതലാണ് പല തിയേറ്ററുകളിലും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.
എല്ലാ തിയേറ്ററുകളിലും ഇന്നലെ ഉച്ചയോടെ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കാണികളുടെയും ജീവനക്കാരുടെയും ശരീരതാപനില പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ആവശ്യത്തിന് സാനിറ്റൈസറുകളും തിയേറ്ററുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. കാണികള്‍ തമ്മില്‍ ഒരു സീറ്റ് അകലം വേണമെന്നാണ് ചട്ടം.
ഇതനുസരിച്ച് ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കാതിരിക്കാന്‍ റിബണ്‍ കെട്ടി തിരിക്കും. പ്രധാന പോയിന്റുകളില്‍ ദിശാ സൂചനകളും വിവരങ്ങളും പ്രദര്‍ശിപ്പിക്കും. ആരോഗ്യ സന്ദേശങ്ങളും അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അനൗണ്‍സ് ചെയ്യും. വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാശാലകള്‍ തുറക്കുമ്പോള്‍ കന്നിച്ചിത്രമായി എത്തുന്നത് ഇളയ ദളപതി വിജയിയുടെ ‘മാസ്റ്റര്‍’ ആയതിനാല്‍ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ആദ്യ ടിക്കറ്റുകള്‍ പൂര്‍ണമായും സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം മലയാള സിനിമയില്ലാത്തതിന്റെ നിരാശയും പ്രേക്ഷകര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: