പള്ളുരുത്തി: കണ്ടക്കടവ് പാടശേഖരത്തില്‍ വര്‍ണ്ണ കാഴ്ചയൊരുക്കി ദേശാടന പക്ഷികള്‍ വിരുന്നെത്തി. പെലിക്കന്‍ , പെയിന്റഡ് സ്റ്റോര്‍ക്ക് ,ഇസ്രായേലില്‍ നിന്നുള്ള യൂറേഷ്യല് കുപ്പോ തുടങ്ങി വിവിധ തരം പറവകളാണ് എത്തിയിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് പെലിക്കനുകള്‍ ഇന്ത്യയില്‍ പ്രജനനം നടത്തുന്നത്. പെലിക്കന്ഡ കുടുംബത്തില്‍പ്പെട്ട ജല പക്ഷികളുടെ ഒരു വര്‍ഗ്ഗമാണ് പെലിക്കനുകള്‍.
പക്ഷി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന പെലിക്കനുകള്‍ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട ചുണ്ടുകളും ഇരയെ പിടിച്ചിട്ട് വിഴുങ്ങുന്നതിനു മുമ്പ് വെള്ളം വാര്‍ത്തിക്കളയുന്ന തരത്തില്‍ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്. മത്സ്യം പ്രധാന ഭക്ഷണമാക്കിയ പെലിക്കനുകള്‍ ഇര തേടി ദിവസേന നൂറു കിലോ മീറ്ററിലധികം സഞ്ചരിക്കും. രണ്ട് കിലോയോളം മത്സ്യം ഒരു ദിവസം ഇവ ഭക്ഷിക്കും. തെക്ക് കിഴക്കേ യൂറോപ്പ് മുതല്‍ ഏഷ്യയിലും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലുമാണ് ഇവയെ കാണപ്പെടുന്നത്. വെണ് കൊതുമ്പന്നം, ഈസ്റ്റേണ്‍ വൈറ്റ് പെലിക്കന്‍, റോസി പെലിക്കന്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. മാസങ്ങളോളം ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പെലിക്കനുകള്‍ കണ്ട കടവില്‍ എത്തുന്നത്.
എല്ലാ സീസണുകളിലും പെലിക്കനുകള്‍ കണ്ടക്കടവിലെ തെങ്ങില്‍ കൂടുകൂട്ടി മുട്ട ഇടുകയും കുഞ്ഞുങ്ങളെ വിരിയിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ ആദ്യമായി പെലിക്കനുകള്‍ കൂടു കൂട്ടി മുട്ട ഇടുന്നത് കണ്ടക്കടവിലായിരുന്നു. പെലിക്കനുകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയും നല്ല മത്സ്യവുമുള്ള ഇവിടെ ഇത്തവണയും കൂടു കൂട്ടി താമസിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വര്‍ണ്ണ മനോഹരമായ മറ്റൊരു ഇനം കൊക്ക് ഗണത്തില്‍ പെട്ട പെയ്ന്റഡ് സ്റ്റോര്‍ക്കുകളാണ്. ഐബീസ് ലീഗ്യൂസ് സെഫലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഹിമാലയം മുതല്‍ തെക്കേ ഇന്ത്യ വരെയാണ് ഇതിനെ വ്യാപകമായി കാണപ്പെടുന്നത്. കേരളത്തില്‍ പെയ്ന്റഡ് സ്റ്റോര്‍ക്കുകളെ വര്‍ണ്ണ കൊക്കുകള്‍ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ദേശാടനക്കിളികളില്‍ സുന്ദരന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
മഞ്ഞച്ചുണ്ടുകളും ചിറകില്‍ ചായം പൂശിയ പോലുള്ള നിറവും ആകര്‍ഷകരമാണ്. പിന്‍ഭാഗത്തെ പിങ്ക് കളറാണ് പെയിന്റഡ് സ്റ്റോര്‍ക്കെന്ന് പേരു വരാന്‍ കാരണം. വിസ്തീര്‍ണ്ണമുള്ള ചതുപ്പുകളിലും തടാകങ്ങളിലുമാണ് ഇവ ഇര തേടുന്നത്. ഇര തേടുന്ന രീതി വ്യത്യസ്തമാണ് . നീണ്ട കാലുകള്‍ ചെളിക്കുള്ളിലേക്ക് ആഴ്ന്നിറക്കി ചെളിയില്‍ പതുങ്ങിയിരിക്കുന്ന മീനുകളെയാണ് ഇവ ഭക്ഷിക്കുന്നത്. ഒക്റ്റോബര്‍ മുതല്‍ മെയ് വരെയാണ് ഇവ പ്രജനനം നടത്തുന്നത്. 20 മുതല്‍ 25 വര്‍ഷം വരെ ജീവിക്കും. പെലിക്കന്‍ പക്ഷികള്‍ കൂടു കൂട്ടുന്ന ചില്ല പങ്കിട്ട് പെയ്ന്റഡുകള്‍ കൂടു കൂട്ടാറുണ്ട്. വംശനാശ ഭീക്ഷണി നേരിടുന്ന പക്ഷികളില്‍ റെഡ് ലിസ്റ്റിലാണ് ഈ സുന്ദരന്‍.ബ്ലാക്ക് വിന്ഗ്ഡ് സ്റ്റില്‍റ്റ് , വിസിലിംഗ് ഡക്ക്, സ്പൂണ്‍ ബില്‍ , ഏഷ്യന്‍ ഓപ്പണ്‍ ബില്‍ , സ്പോട്ട് ബില്‍ഡ് ഡക്ക് തുടങ്ങിയ ഇനം പക്ഷികളും ഇവിടെ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: