ഇൗശാവാസ്യോപനിഷത്തിലെ ഒന്നാം മന്ത്രത്തിന്റെ അവസാനപാദമിങ്ങനെ: ‘മാഗൃധഃ കസ്യ സ്വിദ്ധനം.’
മാഗൃധഃ (കൊതിക്കരുത്). കസ്യസ്വിത് ധനം (ധനം ആരുടേതാണ്). ആരുടേയും ധനം കൊതിക്കരുത്, ആഗ്രഹിക്കരുത്. ആര്‍ഷവിചാരം എത്ര ഉജ്വലവും ഉദാത്തവുമാണ്.
ഈശ്വരന് ജഗന്നിവാസനാണ്. ജഗത്തെന്ന വലിയ വീട്ടിലെ കാരണവര്‍ തന്നെ സര്വേശ്വരന്. ഈ ജഗത്തില്‍ ആര്‍ക്കും തന്നെ സ്വന്തമായി ഒന്നും ഇല്ല. എല്ലാമെല്ലാം ഈശ്വരന് അവകാശപ്പെട്ടത്. ഈ ചിന്തയാണ് ഒരുവനെ വിവേകിയും വിനയാന്വിതനുമാക്കേണ്ടത്.
ഈശത്തിന്റെ ശാങ്കര ഭാഷ്യത്തില്‍ ഇങ്ങനെയൊരു വാക്യമുണ്ട് ‘പരസ്യ സ്വസ്യ വാ ധനം’. അതായത് അന്യന്റെ മുതലിനു വേണ്ടി കൊതിക്കാന്‍ പാടില്ലെന്നു മാത്രമല്ല തന്റേതെന്നു പറയപ്പെടുന്ന മുതല്‍ പോലും ആര്‍ത്തിയോടെ അനുഭവിക്കാന്‍ പാടില്ല.
ധനം ആരുടേതാണ്? ധനം ആരുടേതുമല്ല. ആരുടേതുമല്ലാത്ത ധനം എല്ലാവരുടേതുമാണ്. എല്ലാവരുടേതുമായ ധനം ആരുടേതുമല്ല. ഇതാണ് പ്രാചീന ഭാരതത്തിന്റെ ധനതത്വശാസ്ത്രം. ആരുടേയും ധനമോ സ്വത്തോ സമ്പത്തോ ആഗ്രഹിക്കരുത് എന്ന ഉപനിഷത്ത് വിചാരമാണ് ഭാരതീയ സംസ്കാരത്തിന്റെ മഹത്വം. ഭാരതം ആരുടേയും ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ല. സാമ്രാജ്യം വിപുലമാക്കാന്‍ ആരോടും ഒരു യുദ്ധവും പ്രഖ്യാപിച്ചിട്ടുമില്ല. ഈ മനോനിലയെ ദൗര്‍ബ്ബല്യമായി കരുതിയാണ് വിദേശശക്തികള്‍ ഇവിടേക്ക് കടന്നു കയറിയത്.
ഏതു ധനത്തിനും മൂന്നവസ്ഥയാണുള്ളത്. ദാനം, ഭോഗം, നാശം. അതായത് കൊടുക്കുക, അനുഭവിക്കുക, നശിക്കുക. ദാനം പരമാര്‍ഥമാണ്. ഭോഗം സ്വാര്‍ഥമാണ്. ദാനശീലരുടെ നാടാണ് ഭാരതം. കൊടുക്കുന്നവര്‍ക്കാണ് ചരിത്രം. എടുക്കുന്നവര്‍ക്ക് വാര്‍ത്തമാത്രം. അപഥസഞ്ചാരം നടത്തി, സമസ്തസുഖവും വിലയ്ക്കു വാങ്ങി മുടിഞ്ഞവരെത്രയെത്ര. ആര്‍ക്കുമൊന്നും കൊടുക്കാതെ സ്വയം അനുഭവിക്കാതെ ഒക്കെയും കുന്നുകൂട്ടി അവസാനം പല കാരണങ്ങളാല്‍ നശിച്ച ധനത്തിന്റെ കണക്കും വളരെ വലുതാണ്.
ധനം ജലം പോലെയാണ്. ജലത്തിന് മഞ്ഞായി അമര്‍ന്നിരിക്കാം. മഴയായി പെയ്തിറങ്ങി വിശ്വപ്രകൃതിയെ ഹരിതാഭമാക്കാം. ഒഴുകിയൊഴുകി കടലിലെത്തി ഉപ്പുരസം കലര്‍ന്ന് സ്വത്വം നശിക്കാം. ധനവും ഇങ്ങനെ തന്നെയല്ലേ? ഈശാവാസ്യത്തിലെ ഈ പ്രഥമമന്ത്രമാണ് ഗാന്ധിജിയെ ജീവിതകാലം മുഴുവന്‍ ആകര്‍ഷിച്ചത്. ഈശാവാസ്യത്തിന്റെ സത്യം ജീവിതത്തില്‍ ഓരോ നിമിഷത്തിലും അനുഭവിക്കുന്നുവെന്ന് പറഞ്ഞ് ഗാന്ധിജി തുടര്‍ന്നു: ജഗത്തിന്റെ പാലകനും സ്രഷ്ടാവുമായ ഈശ്വരന് അതിലെ അവസാനത്തെ അണുവരെ എല്ലാറ്റിലും വ്യാപിച്ചു നില്ക്കുന്നു. ഈശ്വരന് ഇല്ലാതിരിക്കുന്ന ഒന്നുമില്ല. ഇതിന് അപവാദമില്ല. എല്ലാം ഈശ്വരന്റെ കാല്ക്കല് സമര്‍പ്പിക്കുക. അഥവാ ഗീതയുടെ ഭാഷയില്‍ എല്ലാം പരിത്യജിക്കുക. പക്ഷേ പരിത്യാഗം ആത്മഹത്യയാവരുത്. അതിനാല്‍ ഈശ്വാസത്തില്‍ തന്നെ ഋഷി ഇങ്ങനെ പറയുന്നു: ത്യജിക്കുക, അല്ലെങ്കില്‍ സമര്‍പ്പിക്കുക. പിന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ അനുഭവിക്കുക. പക്ഷേ ഒരു കുഞ്ഞിനു കൂടി മനസ്സിലാകത്തക്കവണ്ണം അര്‍ഥം മുഴുവന്‍ നല്‍കിയെന്ന് ഋഷിക്ക് തോന്നിയില്ല. അതിനാല്‍ ആരുടെയും ധനം ആഗ്രഹിക്കരുത്.
ജഗത്തിനും ഈശ്വരനും തമ്മില്‍ വ്യത്യാസമേയില്ല എന്നു വിളംബരം ചെയ്യുന്ന ഈ മന്ത്രമാണ് ഉപനിഷത്തിന്റെയും അദൈ്വതത്തിന്റെയും മര്‍മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: