തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമിയില്‍ നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചെയര്‍മാന്‍ കമാലുദ്ദീന്‍ എന്ന കമല്‍ നീക്കം തുടങ്ങിയത് മാസങ്ങള്‍ക്കു മുന്‍പേ. അക്കാദമിയിലെ ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എച്ച്. എന്ന ഷാജി ഹംസ , ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ.ജെ., പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍ വി.പി. എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് കമല്‍ തുനഞ്ഞിറങ്ങിയത്. ഇവര്‍ ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിലകൊള്ളുന്നവരുമായ ജീവക്കാരാണെന്ന കത്തിലെ കമലിന്റെ പരാമര്‍ശം ഇതിനകം വിവാദമായിട്ടുണ്ട്. എന്നാല്‍ ഷാജി ഹംസയും സംഘവും ഇടതുപക്ഷ രാഷ്‌ട്രീയത്തിനപ്പുറം കടുത്ത ബിജെപി-മോദി വിരുദ്ധത പ്രചരിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ഒപ്പം, വലിയ തോതില്‍ ഇസ്ലാമിക പ്രീണനവും ഇവരില്‍ നിന്നുണ്ടാകുന്നുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി ഇത്തരം പോസ്റ്റുകള്‍ കാണാം. ഇതാണ് ഈ സംഘത്തെ കമലിന്റെ പ്രിയപ്പെട്ടവരാക്കിയത്. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് ഇവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിതലത്തില്‍ കമല്‍ നീക്കം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടുണ്ട്. ഇതില്‍ അക്കാഡമിയിലെ തന്നെ മറ്റു ജീവനക്കാര്‍ പ്രതിഷേധത്തിലുമാണ്.
ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിലകൊള്ളുന്നവരുമായ ജിവനക്കാരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു കമലിന്റെ കത്ത്. സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നത സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടത് ചായ്വുള്ളവരെ നിയമിക്കണമെന്നാണ് ഇതില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്കായി അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുവിട്ടത്. ഇത് നിയമസഭയുടെ മേശപ്പുറത്ത് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ ജോലിയിലുള്ളവരെ രാഷ്‌ട്രീയം നോക്കി സ്ഥിരപ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍, സംസ്ഥാനത്തെ സംസ്‌കാരിക നായകരില്‍ ആരും കേരളത്തിലെ ലക്ഷക്കണക്കിനു യുവാക്കളെ അപമാനിക്കുന്ന തരത്തിലുള്ള ഈ നീക്കത്തിനെതിരേ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: