സ്പെയിൻ: ഫിലോമിന കൊടുങ്കാറ്റിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ സ്പെയിൻ മഞ്ഞിൽ മൂടി. അമ്പത് വർഷത്തിനിടെ ഇതാദ്യമായാണ് സ്പെയിൻ മഞ്ഞിൽ മുങ്ങുന്നത്. ഹിമപാതത്തിൽ നാല് പേർ മരിച്ചു. കനത്ത മഞ്ഞ് വീഴ്ചയിൽ റോഡുകളിൽ ഒറ്റപ്പെട്ടുപോയ ആയിരക്കണക്കിന് ഡ്രൈവർമാരെ രക്ഷിക്കാൻ സൈന്യമിറങ്ങി. ഇതോടെ സ്പെയിനിൽ ഗതാഗത സംവിധാനം തകർന്നു. തീവണ്ടി-വിമാനഗതാഗതം പൂർണമായും നിർത്തിവച്ചു.
ഗതാഗതം സ്തംഭിച്ച 400 ഹൈവേകളില്‍ സ്പാനിഷ് തലസ്ഥാനത്തിനടുത്തുള്ള എം -30, എം-40 എന്നിവയും ഉള്‍പ്പെടുന്നു. രാജ്യത്തെ പകുതിയിലധികം പ്രവിശ്യകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ കൊടുങ്കാറ്റ് ആക്രമണത്തില്‍ പകച്ചുപോയ സ്പാനിഷ് സര്‍ക്കാര്‍ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയുവാന്‍ ഉത്തരവിട്ടു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തലസ്ഥാനം ഉള്‍പ്പടെ പത്ത് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. അഞ്ചോളം പ്രവിശ്യകളിൽ ഫിലോമിന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുണ്ട്. 40 കൊല്ലത്തിന് ശേഷം ആദ്യമായി മാഡ്രിഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റരാത്രികൊണ്ട്, സ്പെയിനിന്റെ ചില ഭാഗങ്ങളിൽ താപനില -8 സി (18 എഫ്) ലേക്ക് താഴ്ന്നു. ചിലയിടങ്ങളില്‍ തണുപ്പ് കാരണം താപനില -10ഡിഗ്രി വരെ താഴ്ന്നു. വടക്കൻ സ്പെയിനിലെ ലിയോണിലെ വെഗാ ഡി ലൂർദ്‌സിൽ -35.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി സ്റ്റേറ്റ് മെറ്റീരിയോളജിക്കൽ ഏജൻസി അറിയിച്ചു. മഞ്ഞ് അപകടകരമായ ഹിമവർഷത്തിലേക്ക് തിരിയുന്നുവെന്ന് കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പുണ്ട്.
മാഡ്രിഡിന് വടക്ക് പടിഞ്ഞാറുള്ള സരാസെലേജോയില്‍ മഞ്ഞിനടിയില്‍ പെട്ട ഒരു കാറിനുള്ളില്‍ ഒരു 54 കാരന്‍ ശ്വാസം മുട്ടി മരിച്ചു. ഇതുള്‍പ്പടെ നാല് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണമടഞ്ഞവരില്‍ രണ്ടാമന്‍ ഹൈപോതെര്‍മിയ മൂലമാണ് മരിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. മരിച്ച മറ്റു രണ്ടുപേര്‍ 56 വയസ്സുള്ള ഒരു കൊളംബിയന്‍ സ്ത്രീയും 46 വയസ്സുള്ള ഒരു സ്പെയിന്‍കാരനുമാണ്. ഇവര്‍ മുങ്ങിമരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: