കൊല്ലം: കാവനാട് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്സ് ജീര്ണാവസ്ഥയില്. ശക്തികുളങ്ങര സോണല്‍ ഓഫീസിന് കീഴിലാണ് കെട്ടിടം. രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അറുപതോളം കടകളുണ്ട്. മുനിസിപ്പാലിറ്റിയായിരുന്ന കാലയളവില്‍ 1982ല്‍ നിര്‍മിച്ചതാണിത്. പകുതിയോളം കടകളുടെ ഉള്‍ഭാഗം ഈര്‍പ്പം പിടിച്ചും ഭിത്തി പൊട്ടിയും അപകടഭീതി ഉയര്‍ത്തുകയാണ്.
കിഴക്കുവശത്തെ കടകള്‍ക്ക് മുന്നിലെ ഇടനാഴിയിലായി മുകളിലെ സിമന്റ് പാളി അടര്‍ന്നുവീഴാവുന്ന നിലയിലാണ്. ഇടപാടുകാര്‍ ഭയപ്പാടോടെയാണ് കടകളില്‍ എത്തിച്ചേരുന്നത്. അടര്‍ന്നിരിക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീണാല്‍ ജീവാപായമുറപ്പാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ ഇവിടെയെത്തുന്നവരുടെ എണ്ണവും കുറയുകയാണ്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികള്‍ നിരവധി തവണ സോണല്‍ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. എത്രയും വേഗം കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: