കൊല്ലം: അയോധ്യയിലുയരുന്ന ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ സ്വാഭിമാന കേന്ദ്രമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി പ്രത്യേകക്ഷണിതാവ് എസ്. സേതുമാധവന്.
രാഷ്ട്രം സ്വതന്ത്രമാവുന്നത് സ്വാഭിമാനം സംരക്ഷിക്കപ്പെടുമ്പോഴാണ്. വൈദേശിക ഭരണത്തിന്റെ അപമാന ചിഹ്നങ്ങള്‍ തുടച്ചുനീക്കുക എന്നത് സ്വതന്ത്രസര്‍ക്കാരിന്റെ സ്വാഭാവിക നടപടിയാണ്. പക്ഷേ ഭാരതത്തില്‍ വെള്ളക്കാര്‍ പോയിട്ടും ആ മനസ്ഥിതിയുള്ളവര്‍ ഭരണത്തില്‍ തുടര്‍ന്നതു കൊണ്ടാണ് ശ്രീരാമക്ഷേത്ര നിര്‍മ്മാണം ഇത്രയും വൈകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓലയില്‍ റോട്ടറി ഹാളില്‍ നടന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധന സംഗ്രഹ സമിതി ജില്ലാ ഘടകത്തിന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിനായി നടന്ന നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നത്. വര്‍ഗ, വര്‍ണ ഭേദമില്ലാതെ ദേശീയ ജനത ഒത്തുചേര്‍ന്ന മാതൃകാപരമായ മുന്നേറ്റമാണത്. ശ്രീരാമക്ഷേത്രത്തിന് ശില പാകിയത് ജാതിക്കതീതമായ സമാജമുന്നേറ്റത്തിന്റെ തെളിവാണ്. ജനകീയസമരവും നിയമപോരാട്ടവും നടത്തി വിജയം വരിക്കുമ്പോള്‍ തന്നെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണ ശ്രീരാമക്ഷേത്ര നിര്മ്മാണത്തിനുണ്ടാകണം എന്നത് ഒരു ലക്ഷ്യമാണ്. രാമക്ഷേത്രത്തിനെതിരെ വിഭാഗീയമായ ചിന്തകള്‍ കുത്തിയിളക്കിയവര് ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.
അയോധ്യയിലുയരുന്നത് കേവലമായൊരു ക്ഷേത്രമല്ല, രാഷ്ട്രത്തിന്റെ ആത്മാവാണ്. ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ക്ഷേത്ര നിര്‍മ്മാണ ധന സംഗ്രഹ സമിതിയുടെ ലക്ഷ്യമെന്ന് സേതുമാധവന് കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു.
വിഎച്ച്പി സംസ്ഥാന ഉപാധ്യക്ഷന്‍ വരവിള വാസുദേവന്‍ നായര്‍, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്കപ്രമുഖ് സി.കെ. ചന്ദ്രബാബു, സംയോജകന്‍ മീനാട് ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: