കശ്മീര്‍ രാജാവുമായി സംസാരിക്കവെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ”എന്റെ നാടിനു നന്മ ചെയ്തിട്ട് നരകത്തില്‍ പോകേണ്ടതായി വന്നാല്‍ ഞാനതൊരു മഹാഭാഗ്യമായി കരുതും” എന്ന്. ആധുനിക ഭാരതത്തിന്റെ മോചനത്തിനും ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമായത് സ്വാമി വിവേകാനന്ദന്റെ ഉജ്ജ്വലമായ നേതൃത്വമാണ്. ചക്രവര്‍ത്തി രാജഗോപാലാചാരി പറഞ്ഞതുപോലെ സ്വാമി വിവേകാനന്ദന്‍ ഇല്ലായിരുന്നെങ്കില്‍ നമുക്കു സ്വാതന്ത്ര്യം കിട്ടുമായിരുന്നില്ല. രാജ്യസ്‌നേഹമാണ് തന്റെ ഏറ്റവും വലിയ ദൗര്‍ബ്ബല്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
രാജ്യസ്‌നേഹം ഏറ്റവും കൂടുതല്‍ അപഹസിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. വിവേകാനന്ദന്റെ കാലശേഷം ഭാരതീയര്‍ രണ്ടു തട്ടിലായിരിക്കുന്നു. ദേശീയതയുടെ പക്ഷം പിടിച്ചു കൊണ്ട് ആ നരകേസരിയും ദേശീയ വിരുദ്ധതയുടെ പക്ഷത്ത് അനേകം കുറുനരികളും. അവയുടെ ഓരിയിടല്‍ ഇന്ന് അത്യുച്ചത്തിലായിരിക്കുന്നു. എന്നാല്‍, ‘തെരുവുനായ്‌ക്കളുടെ കുര കേട്ട് നിങ്ങള്‍ പിന്തിരിയരുത്, നിങ്ങളൊക്കെ വന്‍ കാര്യം ചെയ്യാന്‍ വന്നവരാണ്’ എന്ന് സ്വാമികള്‍ പണ്ടേ പറഞ്ഞു വച്ചിരിക്കുന്നു. നെഹ്‌റുവിയന്‍ വിദ്യാഭ്യാസ പദ്ധതിയും പരിഷ്‌ക്കാരവും വിവേകാനന്ദന്മാരെയോ ഗാന്ധിയന്മാരെയോ അല്ല സൃഷ്ടിച്ചത്. പകരം അരാജകവാദികളെയും ദേശീയ വിരുദ്ധരെയുമാണ്. നെഹ്‌റുവിന്റെ പേരിലുള്ള സര്‍വ്വകലാശാലതന്നെ ദേശവിരുദ്ധതയുടെ ഈറ്റില്ലമാക്കി മാറ്റിയിരിക്കുന്നു. ‘ആഹാരം, വസ്ത്രധാരണം, സ്വദേശീയാചാര വ്യവഹാരങ്ങള്‍ ഇവ കൈവെടിഞ്ഞാല്‍ കാലക്രമത്തില്‍ സ്വദേശാഭിമാനം നഷ്ടമായിപ്പോകും. വിദ്യ സകലരുടെയും അടുക്കല്‍നിന്നു വാങ്ങാം. എന്നാല്‍ ദേശീയ സ്വഭാവത്തിനു ലോപം വരുത്തുന്ന വിദ്യ നേടിയതുകൊണ്ട് ഉന്നതിയുണ്ടാവില്ല. അധഃപതനത്തിന്റെ ലക്ഷണമാണത്.’ എന്തു നല്‍കരുതെന്നാണോ സ്വാമികള്‍ പറഞ്ഞത് അതു നല്‍കുകയാണ് സ്വാതന്ത്ര്യാനന്തര ഭാരതം ചെയ്തത്. അതിന്റെ ദുരിതം മുഴുവന്‍ ഇന്നു നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഈയൊരു അപകടം നേതാജി സുഭാഷ് ചന്ദ്ര ബോസ് വളരെ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. താന്‍ എങ്ങനെയാണ് ഈ അപകടത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് നേതാജി തന്റെ ആത്മകഥയായ അച കചഉകഅച ജകഘഏഞഹങ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. തനിക്ക് മൂല്യബോധവും ആദര്‍ശവും കിട്ടിയത് വിവേകാനന്ദ ദര്‍ശനങ്ങളില്‍ നിന്നാണ് നേതാജി പറയുന്നു. ഒരു ജീവിതത്തില്‍ ഒരാദര്‍ശം സ്വീകരിക്കാനും ജീവിതം സമ്പൂര്‍ണമായും ആ ആദര്‍ശത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ബലിയര്‍പ്പിക്കാനുമായിരുന്നു വിവേകാനന്ദ ഘോഷം. ‘ഈ നാട്ടില്‍ ഉജ്ജ്വലവും സജീവവുമായ ഒരു മാതൃക കാണിച്ചു കൊടുക്കാതെ ഒന്നും നടക്കില്ല. സര്‍വ്വവും വിട്ടെറിഞ്ഞ് നാട്ടിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ കുറെ ചെറുപ്പക്കാരെ നമുക്കു വേണം.’ അങ്ങനെ വലിച്ചെറിയാന്‍ തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ തടയും. ബന്ധുജനങ്ങള്‍ പിന്തിരിപ്പിക്കും; കണ്ണീരൊഴുക്കും; പ്രലോഭിപ്പിക്കും. ഒന്നിനും നിന്നുകൊടുക്കരുത്. പിന്നോട്ടു നോക്കരുത്. ഒരു ജീവിതം, ഒരാദര്‍ശം. അതായിരിക്കണം മന്ത്രം. ആ മന്ത്രവുമുരുവിട്ടു കൊണ്ട് ഭാരതമാതാവിന്റെ തൃച്ചേവടികളില്‍ തന്നെത്തന്നെ ബലിയര്‍പ്പിക്കുക. ആ ജീവരക്തംകൊണ്ട് മാതൃഭൂമിയെ ഉയര്‍ത്തണം. ഇതായിരുന്നു സ്വാമിജി യുവാക്കളോട് ആഹ്വാനം ചെയ്തത്.
എന്നാല്‍ അത് ഉറച്ച അടിത്തറയില്‍ നിന്നു കൊണ്ടായിരിക്കണം. ഏതാണ് ആ അടിത്തറ? ‘ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്ക് ആദ്ധ്യാത്മിക ബലവും ധര്‍മ്മാചരണവുമല്ലാതെ വേറെ വഴിയില്ല… ഒരു ജനതയെന്ന നിലയ്‌ക്ക് നമ്മുടെ വ്യക്തിത്വം നഷ്ടപ്പെട്ടുപോയി. ഭാരതത്തിന്റെ വിനകള്‍ക്കെല്ലാം മൂലം അതാണ്.’ ഈ വ്യക്തിത്വത്തെ വീണ്ടെടുക്കലും പുന:സ്ഥാപിക്കലുമായിരുന്നു സ്വാതന്ത്ര്യാനന്തരം ചെയ്യേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ വിരുദ്ധാശയക്കാരായിരുന്നു ദേശീയ നേതൃത്വത്തില്‍ വന്നത്. കേരളത്തിലാണെങ്കില്‍ ദേശീയ വിരുദ്ധതയുടെ കുത്തൊഴുക്കുതന്നെ ഉണ്ടായി. സ്വാമിജി പറഞ്ഞ ആ ദേശീയ ജീവിത പ്രവാഹത്തിലേക്ക് പുത്തന്‍ തലമുറ വഴി തിരിയണം. ‘ത്യാഗവും സേവനവും’ ജീവിതവ്രതമാക്കി യുവാക്കള്‍ മുന്നോട്ടുവരണം. ധീരതയാണാവശ്യം. കത്തിജ്ജ്വലിക്കുന്ന ആദര്‍ശമായിരിക്കണം പ്രേരണ. ഇടിവാളിനെ വെല്ലുന്ന ഇച്ഛാശക്തിയായിരിക്കണം കൈമുതല്‍. ഒരിക്കല്‍ കൈവന്ന ജീവിതം മഹത്തായൊരു ലക്ഷ്യത്തിനായി സമര്‍പ്പിക്കുക. എത്രയെത്ര ധീരന്മാരും മഹാത്മാക്കാളും ഈ മാര്‍ഗത്തിലൂടെ മുന്നേറി. അവരെല്ലാം പ്രാത:സ്മരണീയരായി മാറി. ജീവിതത്തിന് അര്‍ത്ഥവും വിലയുമുണ്ടായി.
കേരളത്തിന്റെ തെരുവീഥികളില്‍ ലഹരിക്കും അരാജകത്വത്തിനും അടിപ്പെട്ട് ജീവിതം വ്യര്‍ത്ഥമാക്കുന്ന എത്രയോ യുവാക്കള്‍! രാജ്യ വിരുദ്ധതയും സംസ്‌ക്കാര ശൂന്യതയും ആവേശപൂര്‍വ്വം തലയിലേറ്റിയവര്‍ ! നൈമിഷിക നേട്ടത്തിനു വേണ്ടി മഹത്തായ ജീവിതം പാഴാക്കുന്നവര്‍! നമുക്കു കിട്ടിയ സര്‍ഗാത്മകത നഷ്ടപ്പെടുത്തരുത്. അതെടുത്തു വിതരണം ചെയ്യുക. നമുക്കു ചുറ്റുമുള്ളവരുടെ നന്മ. സമുദായത്തിന്റെ പുരോഗതി. രാജ്യത്തിന്റെ ക്ഷേമം. നമ്മുടെ ജീവിതം കൊണ്ട് അങ്ങനെയൊന്ന് നേടുന്നതല്ലെ ആഹ്ലാദകരം?
പക്ഷെ ഇതിനെയെല്ലാം തിരസ്‌ക്കരിക്കുന്ന ചിന്തകള്‍ നമ്മുടെ തലച്ചോറിനെ ഇളക്കിമറിക്കുന്നു. മതത്തിന്റെ പേരില്‍, പാര്‍ട്ടിയുടെ പേരില്‍, ജാതിയുടെ പേരില്‍ അങ്ങനെ പലതിന്റെയും പേരില്‍ നമ്മെ പിന്തിരിപ്പിക്കുന്നു; മതം ജ്ഞാനമാകുന്നില്ലെങ്കില്‍, മതം ആത്മീയതയിലേക്കു തിരിയുന്നില്ലെങ്കില്‍ സംഘര്‍ഷമായിരിക്കും ഫലമെന്ന് സ്വാമിജി ഓര്‍മ്മിപ്പിച്ചു. ശരിയായ ആദ്ധ്യാത്മികമനുഷ്യന്‍ എവിടെയും വിശാലമനസ്‌ക്കനാണ്. മതം വില്പനച്ചരക്കാക്കുന്നവരാണ് മത്സരവും വഴക്കും സൃഷ്ടിക്കുന്നത്. ഞാന്‍ പരിശുദ്ധന്‍, മറ്റെല്ലാവരും അശുദ്ധന്മാര്‍. അത് പൈശാചിക മതം! രാക്ഷസ മതം! നരകോചിതമായ മതം! അതില്‍നിന്നും കരകയറണമെങ്കില്‍ മതം ജ്ഞാനമായി വികസിക്കണം. ആത്മീയതയിലേക്ക് ഉയരണം. ഇന്നെന്നല്ല, എക്കാലവും ബഹുഭൂരിപക്ഷം മതപുരോഹിതന്മാരും ജ്ഞാനത്തെ തടയുകയാണ് ചെയ്തിട്ടുള്ളത്. അറിവു നേടുന്നവന്‍ സ്വതന്ത്രനാവും. മതത്തിന്റെ പേരില്‍ കച്ചവടം നടത്തുന്നവര്‍ക്കു വേണ്ടത് അടിമകളെയാണ്. നമുക്കൂ ചുറ്റും കാണുന്ന നല്ലൊരു ശതമാനം ആള്‍ക്കാരും, വിശിഷ്യ യുവജനങ്ങള്‍ ഈ അടിമക്കൂട്ടത്തിലാണുള്ളത്. അതില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ കഴിയണം. അപ്പോഴേ വളര്‍ച്ചയുണ്ടാകൂ, സംഘര്‍ഷമൊഴിവാകൂ.
ഓരോ മനുഷ്യനെയും, ജനതയെയും വലുതാക്കാന്‍ മൂന്നു സംഗതികള്‍ വേണമെന്ന് സ്വാമിജി നിര്‍ദേശിച്ചു. ഒന്ന്, നന്മയുടെ ശക്തികളില്‍ ഉറച്ച വിശ്വാസം. രണ്ട്, അസൂയയുടെയും സംശയത്തിന്റെയും അഭാവം. മൂന്ന്, നല്ലത് ആകാനും ചെയ്യാനും ശ്രമിക്കുന്ന എല്ലാവരെയും സഹായിക്കല്‍. ഈ കാര്യങ്ങളില്‍ നമ്മുടെ നിലയെന്താണ്? നന്മയില്‍ വിശ്വസിക്കുന്നു എന്നു പറയുകയും തിന്മയെ ചുമന്നു നടക്കുകയുമാണോ? എല്ലാത്തിലും, എല്ലാവരെയും നമ്മള്‍ സംശയത്തോടെയാണോ വീക്ഷിക്കുന്നത്? എന്റെ പാര്‍ട്ടി, എന്റെ മതം, എന്റെ ആള്‍ക്കാര്‍ മാത്രം ശരി എന്ന സങ്കുചിത ചിന്തയാണ് ലോകത്തിനു നാശം വിതയ്‌ക്കുന്നത്. സമൂഹനന്മ ആഗ്രഹിക്കുന്നവര്‍ ഈ പടുകുഴിയില്‍ നിന്നു കരകയറണം. രാജ്യപുരോഗതിക്കും ലോക ക്ഷേമത്തിനും അതാവശ്യമാണെന്നു വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടി. അത്തരമൊരു മാര്‍ഗം ലോകത്തിനു കാണിച്ചുകൊടുക്കാനാണ് ഭാരതം ജീവിച്ചിരിക്കുന്നത്. പക്ഷെ അതിനാദ്യം ഭാരതത്തെ പ്രബലപ്പെടുത്തണം.
ഭാരതത്തെ കരുത്തുറ്റതാക്കാന്‍ നാമെന്തു ചെയ്യണം? ‘ജനത സജീവമാകണമെങ്കില്‍ മതത്തെ ദേശീയ ജീവിതത്തിന്റെ നട്ടെല്ലാക്കണം.’ മതമെന്നാല്‍ വേദാന്തം, ആദ്ധ്യാത്മികത. ആദ്ധ്യാത്മികതയെ ഉപേക്ഷിച്ചതാണ് നമ്മുടെ അധഃപതനകാരണം. ആത്മീയതയില്‍ നിന്നാണ് ധര്‍മ്മചിന്ത ഉണ്ടാകുന്നത്. ഇവ രണ്ടും ഉപേക്ഷിച്ച് അതിനു പകരമായി നാം മതേതരത്വം സ്വീകരിച്ചു. മതേതരത്വമെന്നു പറഞ്ഞാല്‍ ധര്‍മ്മനിരപേക്ഷത എന്നു വായിച്ചു. ധര്‍മ്മനിരപേക്ഷ വിദ്യാഭ്യാസം, ധര്‍മ്മനിരപേക്ഷ രാഷ്‌ട്രീയം, ധര്‍മ്മനിരപേക്ഷ ഭരണം, ധര്‍മ്മനിരപേക്ഷ ജീവിതം ! രാഷ്‌ട്ര ജീവിതത്തിന്റെ അടിത്തറയാണ് മതേതരത്വത്തിന്റെ പേരില്‍ അടിച്ചിളക്കി വലിച്ചെറിഞ്ഞത്. പരിഹാരം ധര്‍മ്മരാജ്യം തിരിച്ചു കൊണ്ടുവരിക എന്നതാണ്.
ധാര്‍മ്മിക സമൂഹത്തിലേ പട്ടിണി മരണം ഇല്ലാതിരിക്കൂ എന്നു സ്വാമിജി പറഞ്ഞു. കല്‍ക്കത്തയില്‍ പട്ടിണി മരണത്തെ സംബന്ധിച്ച ഒരു വാര്‍ത്ത സ്വാമിജിയെ ശോകാകുലനാക്കി. അദ്ദേഹം പറഞ്ഞു, ”വിധവയുടെ കണ്ണീരൊപ്പാനോ അഗതിയുടെ വായിലേക്ക് ഒരപ്പക്കഷണം കൊടുക്കാനോ കഴിയാത്ത ഒരീശ്വരനിലോ മതത്തിലോ ഞാന്‍ വിശ്വസിക്കുന്നില്ല…. അതിനാല്‍ മതമെന്ന് അഭിമാനിക്കുന്നതിനെ പ്രായോഗികമാക്കുക. ഭഗവാന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.’ ശരിയായ മതത്തിന്റെ – ധര്‍മ്മത്തിന്റെ – പ്രയോഗമാണ് അഴിമതിയും ചൂഷണവും ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി. പക്ഷെ ആ ധര്‍മ്മത്തിന്റെ മാര്‍ഗത്തിലേക്ക് ഭാരതത്തെ നയിക്കണമെങ്കില്‍ കരുത്തുറ്റ യുവാക്കള്‍ വേണം. ഹിമാലയ സദൃശം മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കരുത്തുള്ളവര്‍. അതിന് തുച്ഛമായ ഭൗതികവാദം പോരാ. ജഡിലമായ യുക്തിവാദവും ദുര്‍ബ്ബലം. സങ്കുചിതമായ ഏതെങ്കിലും മതവാദം കൊണ്ടും സാദ്ധ്യമല്ല. വേദാന്തത്തിനു മാത്രമേ അത്രയും കരുത്തുള്ളൂ. പക്ഷെ അതുള്‍ക്കൊള്ളാന്‍ പ്രബലമായ ശരീരവും മനസ്സും കൂടിയേ കഴിയൂ. അതു കൊണ്ടാണ് ഭഗവദ് ഗീത പഠിക്കാന്‍ വന്ന യുവാവിനോട് ആദ്യം ഫുട്‌ബോള്‍ കളിച്ചിട്ടു വരാന്‍ പറഞ്ഞത്. ‘… ബാഹുബലവും ശരീരബലവും കുറച്ചുകൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഗീത കൂടുതല്‍ നന്നായി മനസ്സിലാകും. കുറെ ചൊറുചൊറുക്കുള്ള രക്തം നിങ്ങള്‍ക്കുണ്ടായാല്‍ കൃഷ്ണന്റെ ബലിഷ്ഠമായ പ്രതിഭയും മഹത്തായ പ്രതാപവും നിങ്ങള്‍ക്കു കൂടുതല്‍ നന്നായി മനസ്സിലാകും. നിങ്ങളുടെ ശരീരം നിങ്ങളുടെ കാലില്‍ ഉറച്ചുനിന്നാല്‍, ആണുങ്ങളാണെന്ന ബോധം നിങ്ങള്‍ക്കുണ്ടായാല്‍ ഉപനിഷത്തും ആത്മമഹിമയും കൂടുതല്‍ നന്നായി മനസ്സിലാകും.’ ഉപനിഷത്തിന്റെയും ഭഗവദ് ഗീതയുടെയും ശരിയായ കരുത്ത് ഉള്‍ക്കൊള്ളാനുള്ള മൂന്നുപാധിയാണ് കായിക ബലമെന്നത്. അല്ലാതെ മസില്‍ പെരുപ്പിക്കാനല്ല.
ഈ വേദാന്തത്തിന്റെ കരുത്തില്‍ ഭാരതത്തെ കെട്ടിപ്പടുക്കണം. അതിന് ഒരായിരം ബലികള്‍ ആവശ്യമുണ്ട്. അതിന് എത്രപേര്‍ തയ്യാറുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാരതത്തിന്റെ ഭാവി. നാം അബദ്ധം ആവര്‍ത്തിക്കാതിരിക്കണം. ‘അവിശ്വസിക്കാന്‍ തക്ക കാരണം ബോദ്ധ്യപ്പെടുന്നിടം വരെ ഭാരതത്തില്‍ നിന്നുള്ളതെല്ലാം സത്യം എന്നു കരുതണം. വിശ്വസിക്കാന്‍ തക്ക കാരണം ഉണ്ടാകും വരെ യൂറോപ്പില്‍നിന്നുള്ള തൊക്കെ അസത്യമെന്നും കരുതണം.’ എന്ന് സ്വാമിജി പറഞ്ഞു.
ഈ വാക്കിന്റെ ബലം ഇന്നാണ് നമുക്കു കൂടുതല്‍ മനസ്സിലാവുന്നത്. ഭാരതീയമായതൊക്കെ അവിശ്വസിക്കേണ്ടതാണെന്നു പ്രചരിപ്പിക്കുന്ന ആസുര ജന്മങ്ങള്‍ ഭാവിയില്‍ നമ്മെ തുറിച്ചു നോക്കുമെന്ന് സ്വാമിജി ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ടാവണം. അപ്പോള്‍ നാം വീണുപോകാതിരിക്കാന്‍, സംശയത്തില്‍ മുങ്ങിത്താഴാതിരിക്കാന്‍ ഈ വാക്കുകള്‍ നമ്മെ സഹായിക്കും. നവഭാരത ശില്പിയായ ആ മഹാപ്രതിഭയ്‌ക്കു മുന്നില്‍ വണങ്ങിക്കൊണ്ട് ഭാരത മാതാവിന്റെ പതാകാ വാഹകരായി മുഴുവന്‍ യുവജനങ്ങള്‍ക്കും മുന്നേറാന്‍ കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: