ഒരിക്കല്‍ക്കൂടി യുഗപുരഷനായ ശ്രീനാരായണ ഗുരുദേവന് അപമാനിക്കപ്പെട്ടു. അതും സാംസ്കാരികതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നഭിമാനിക്കുന്ന കേരളത്തില്‍. ഈ പ്രാവശ്യം അത് ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ത്തുടങ്ങിയ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ലോഗോ പ്രകാശനത്തിലായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കര്‍ത്താവും, നവോത്ഥാന നായകനുമായ ഗുരുദേവന് കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി അപമാനിക്കപ്പെടുകയാണ്. ഇത് യാദൃച്ഛിക സംഭവമോ, ഒറ്റപ്പെട്ടതോ അല്ല. ഇവ പരിശോധിക്കുമ്പോള്‍ അവ ബോധപൂര്‍വ്വം ചമയ്ക്കുന്നതാണന്ന് കാണാം.
2020 ഒക്ടോബര്‍ 2നാണ് ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ഓപ്പണ്‍സര്‍വ്വകലാശാല കൊല്ലം കേന്ദ്രമായി ആരംഭിക്കുന്നത്. ഈ പുതുവര്‍ഷദിനത്തിലായിരുന്നു പ്രസ്തുത സര്‍വ്വകലാശാലയുടെ ലോഗോ പ്രകാശനം. സി.പി.എം. കൊല്ലം എം.എല്‍.എ. ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ലോഗോ ഏവരേയും ആശ്ചര്യപ്പെടുത്തി. ലോഗോയില്‍ ഒരിടത്തും ശ്രീനാരായണ ഗുരുദേവന്റെ ചിത്രമോ, ദര്‍ശനങ്ങളുടെ സൂചനകളോ ഇല്ല. ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ സര്‍വ്വകലാശാല നല്കിയ വിശദീകരണം വിചിത്രവും, ഗുരുനിന്ദയുമായി. ‘ലോഗോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവനെ മുകളില്‍ നിന്നു വീക്ഷിക്കുന്ന അനുഭവം ഉണ്ടാകും” എന്നാണ് സര്‍വ്വകലാശാല നല്കിയ വിശദീകരണം. ജ്യാമതീയ രൂപങ്ങള്‍ സംയോജപ്പിച്ച് തയ്യാറാക്കിയ ലോഗോയില്‍ അവകാണില്ലെന്ന് അറിയാത്തവരാണോ സര്‍വ്വകലാശാല നടത്തിപ്പുകാര്‍?.
ഭാരതത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെ ലോഗോയിലും പേരിനെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളോ വാക്യങ്ങളോ ഉണ്ട്. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ലോഗോയില്‍ ശങ്കരാചാര്യരുടെ രേഖാചിത്രമുണ്ട്. എം.ജി. സര്‍വ്വകലാശാലയില്‍ ഗാന്ധിജിയെ അനുസ്മരിപ്പിക്കുന്ന ചര്‍ക്ക അടയാളമുണ്ട്. ഗുരുവിന്റെ പേരില്‍ത്തുടങ്ങിയ സര്‍വ്വകലാശാലയുടെ ലോഗോ തെരഞ്ഞെടുക്കുവാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി പറയപ്പെടുന്നു. ഈ സമിതിയിലെ അംഗങ്ങള്‍ വിദഗ്ദരല്ലെന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. ഇരുന്നൂറിലധികം ലോഗോകള്‍ സമിതി മുമ്പാകെ ലഭിച്ചു എന്നു പറയപ്പെടുന്നു. ഇവയൊന്നും സര്‍വ്വകലാശാല പ്രസിദ്ധപ്പെടുത്തിയട്ടില്ല. വിദഗ്ദസമിതി അറിയാതെയാണ് ഇപ്പോഴുള്ള ലോഗോ തെരഞ്ഞെടുത്തത് എന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും പ്രസ്തുത ലോഗോ ഗുരുനിന്ദ തന്നെയാണ്. ഒരു തരത്തില്‍ നോക്കിയാലും ഈ ലോഗോയില്‍ ഗുരുവനെ കാണാനാവുകയില്ല.
ഗുരുവിനെയും, ഗുരുദേവ ദര്ശനങ്ങളെപ്പറ്റിയും അറിയാത്തവരെയാണ് സര്‍വ്വകലാശാലയുടെ തലപ്പത്ത് കേരള സര്‍ക്കാര്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. വൈസ്ചാന്‍സിലറുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപം ശരിവക്കുന്നതാണ് ഈ ലോഗോ. കേരളസര്‍ക്കാര്‍ വളരെ ബോധപൂര്‍വ്വമാണ് ഇതില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. തികച്ചും വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കിയുള്ളതാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ത്തുടങ്ങിയ സര്‍വ്വകലാശാലയിലും ഇത് നടപ്പിലാക്കിയ സര്‍ക്കാര്‍ നിലപാട് മ്ലേച്ഛവും നിന്ദ്യവുമാണ്. ‘ഒരുവെടിയ്ക്ക് രണ്ടുപക്ഷി’ എന്ന നിലപാടില്‍ ഗുരുവിന്റെപേരില്‍ സര്‍വ്വകലാശാല സ്ഥാപിക്കുകയും, വൈസ്ചാന്‍സിലറായി മതന്യൂനപക്ഷത്തുനിന്നുള്ള ഒരാളെ നിയമിക്കുകയും ചെയ്തതിലൂടെ സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്താണെന്ന് പകല്‍പോലെ വ്യക്തമാകുന്നു.
ഹൈന്ദവ ആചാര്യന്മാരെയും, നവോത്ഥാന നായകന്മാരെയും അപമാനിക്കുന്നത് കേരളത്തില്‍ തുടര്‍ സംഭവമാവുകയാണ്. പലപ്പോഴും ഇതിന് ചുക്കാന്‍ പിടിക്കുന്നത് കേരള സര്‍ക്കാരും, സര്‍ക്കാരിന് നേത്യത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും ആണ.് ഇങ്ങനെ ചെയ്താല്‍ മതന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്നുള്ള വിചാരമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. 2015 ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരില്‍ സി.പി.എം. സംഘടിപ്പിച്ച ഘോഷയാത്രയുടെ ഭാഗമായി യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവനെ കുരിശില്‍ത്തറച്ച നിശ്ചലദൃശ്യം ഉണ്ടായിരുന്നു. ജാതിമീമാംസ എന്ന ഗുരു കൃതിയിലെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ ആപ്തവാക്യത്തെ പല ജാതി, പല മതം, പല ദൈവം എന്നരീതിയില്‍ വികൃതമാക്കി മാറ്റി. നിശ്ചലദൃശ്യത്തിലെ ശ്രീനാരായണ ഗുരുദേവന്റെ ഇരുകൈകളിലും, തലയിലും സി.പി.എം. പ്രവര്‍ത്തകര്‍ ഈ വാചകങ്ങള്‍ കെട്ടിത്തൂക്കിയിരുന്നു. സംസ്ഥാനത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധമുണ്ടായിട്ടും സ്വന്തം പ്രവര്‍ത്തകരുടെ തെറ്റുതിരുത്തുവാന്‍ സി.പി.എം. നാളിതുവരെ തയ്യാറായിട്ടില്ല.
2019 ജനുവരി 1 ന് ശിവഗിരി തീര്‍ത്ഥാടന സമാപന ദിവസത്തില്‍ ത്തന്നെയാണ് പൊള്ളയായ നവോത്ഥാനത്തിന്റെ പേരില്‍ സി.പി.എം. വനിതാ മതില് തീര്‍ത്തത്. 87-ാമത് ശിവഗരി തീര്‍ത്ഥാടന ദിനം പൊതു അവധിയാക്കണമെന്നുള്ള മഠത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കുകയും ചെയ്തിരുന്നു. അന്നത്തെ ശിവഗരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ‘ശ്രീനാരായണ ഗുരുദേവനെ പാര്ശ്വവല്ക്കാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് ‘ അഭിപ്രായപ്പെട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്.
കേരള നവോത്ഥാന ചരിത്രത്തിലെ തത്വചിന്തകനും, സാമൂഹ്യ പരിഷ്കര്‍ത്താവും, മഹായോഗിയും, നൂറ്റാണ്ടിലെ മനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെട്ട നായകനുമായിരുന്നു ശ്രീനാരായണഗുരുദേവന്‍. നാല്‍പ്പതോളം ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും, അറുപത്തിമൂന്നോളം കൃതികള്‍ രചിക്കുകയും ചെയ്ത ആ വിശ്വമാനവനെ മനസ്സിലാക്കാത്തവരെ അദ്ദേഹത്തിന്റെ പേരില്‍ത്തുടങ്ങിയ സര്‍വ്വകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് നീതീകരിക്കാനാവില്ല. കേരളത്തിന്റെ സാമൂഹ്യ മണ്ണിനെയും, ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച ഋഷിവര്യനെ വോട്ടിന്റെ അടിസ്ഥാനത്തില്‍ അധികാരദുര്മത്തതയില് അപമാനപ്പെടുത്തന്നത് കാലം പൊറുക്കുകയില്ല.
ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗം വിദ്യയാണ് എന്ന ഗുരുദേവന്റെ സന്ദേശമാണ് കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസപരമായ ഔന്നത്യങ്ങള്‍ക്ക് അടിസ്ഥാനം. ജനതയെ അറിവിന്റെ വെളിച്ചത്തില്‍ ഇറക്കിനിര്ത്തുവാനുള്ള ഗുരുവിന്റെ ഉപദേശമാണ് കേരളം ഇന്ന് വിദ്യാഭ്യാസ രംഗത്ത് മുന്നില്‍ നില്‍ക്കുന്നതിനുള്ള പ്രചോദനം. ശ്രീനാരയണഗുരു ആനുഭൂതിക ജ്ഞാനം നേടിയ ഋഷിയാണ്. ബ്രഹ്മത്തെ അറിഞ്ഞ ബ്രഹ്മര്ഷിയായിരുന്നു അദ്ദേഹം. ഈ ലോകവും അതിലുള്ള സചേതനകളും, അചേതനങ്ങളും എല്ലാം തന്നെ ഈശ്വരന്റെ പ്രതിരൂപങ്ങളാണെന്ന് ഉദ്ഘോഷിച്ച ഗുരുദേവനെ അപമാനിക്കുവാനുള്ള ശ്രമത്തില്‍നിന്ന് അതിന് ശ്രമിക്കുന്നവര്‍ പിന്മാറേണ്ടതാണ്. വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടയുള്ളവരെ ഒഴിവാക്കേണ്ടിവന്നാല്‍ സര്‍ക്കാര്‍ അതിന് മടിക്കേണ്ടതില്ല. ഗുരുവിനെ അപമാനിക്കുന്ന ലോഗോ പിന്‍വലിച്ച് ഗുരുവിന്റെ ചിത്രവും സന്ദേശവും ആലേഖനം ചെയ്ത് പുതിയ ലോഗോ സ്ഥാപിക്കുവാന്‍ തയ്യാറാകാണം. അല്ലാതെവന്നാല്‍ മഹാകവി കുമാരനാശാന് പറഞ്ഞതുപോലെ ‘മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെത്താന്…” എന്ന് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കാലം മനസ്സിലാക്കിക്കൊടുക്കും. അത് അതിവിദൂരത്തിലല്ല.
അഡ്വ: സതീഷ് ടി. പത്മനാഭന്
ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: