ദല്‍ഹിയിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി നടത്തിയിട്ടുള്ള ഇടപെടല്‍ നിര്‍ണായകമാണ്. രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചുകൊണ്ട് സമരം നടത്തുന്നവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ചില അഭിപ്രായങ്ങള്‍ പ്രശ്നപരിഹാരത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം. സമരത്തില്‍ കോടതി ഇടപെടുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയും, അങ്ങനെയൊരു ഇടപെടലിന്റെ ആവശ്യമില്ലെന്ന് പ്രതികരിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ മലക്കംമറിഞ്ഞിരിക്കുകയാണ്. തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളും, അവ നേടിയെടുക്കാന്‍ അവലംബിച്ചിട്ടുള്ള മാര്‍ഗങ്ങളും നിയമപരമായി നീതീകരിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കോടതിയുടെ ഇടപെടലിനെ സമരക്കാര്‍ എതിര്‍ത്തത്. സര്‍ക്കാരും കര്‍ഷകസമര നേതാക്കളുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയില്‍ കോടതി ഇടപെടുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായി. കര്‍ഷകര്‍ക്ക് പ്രതികൂലമാണെന്ന് സമരക്കാര്‍ പറയുന്ന നിയമത്തിലെ ഏത് വ്യവസ്ഥയെക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്നും, ഭേദഗതികളാവാമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ ഉറപ്പ് അംഗീകരിക്കാതെ നിയമം റദ്ദാക്കുക തന്നെ വേണമെന്ന് വാശിപിടിച്ചവരാണ് സ്ഥിതിഗതികളെ സങ്കീര്‍ണമാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന്റെ മാതൃകയാണ് ഇക്കൂട്ടര്‍ പിന്‍പറ്റിയത്.
സുപ്രീംകോടതിയുടെ ചില നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെതിരായി ചിത്രീകരിച്ച് സമരത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ വസ്തുതകള്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ചര്‍ച്ചകള്‍ക്ക് ഒരു സമിതിയെ നിയോഗിക്കാമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതിന് സര്‍ക്കാര്‍ എതിരല്ല. എന്നു മാത്രമല്ല, ഇതുവരെ നടന്ന ചര്‍ച്ചകളുടെ പല ഘട്ടത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നതാണ്. പക്ഷേ, കര്‍ഷക സമരക്കാര്‍ അത് നിരാകരിക്കുകയായിരുന്നു. നിയമം റദ്ദാക്കണമെന്ന പിടിവാശിയാണ് അവര്‍ കാണിച്ചത്. മൂന്നു നിയമങ്ങളിലെയും വ്യവസ്ഥകളെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ നടന്നാല്‍ തെറ്റിദ്ധാരണകള്‍ നിലനിര്‍ത്താനുള്ള ശ്രമം പരാജയപ്പെടുമെന്നും, സത്യം അംഗീകരിക്കേണ്ടിവരുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് സ്വതന്ത്ര സമിതി എന്ന ആശയത്തെപ്പോലും സമരം ചെയ്യുന്ന കര്‍ഷക യൂണിയനുകള്‍ എതിര്‍ത്തത്. എന്നിട്ടാണ് ഇപ്പോള്‍ പരമോന്നത നീതിപീഠം തന്നെ സമാനമായ നിര്‍ദ്ദേശം വച്ചപ്പോള്‍ ഗത്യന്തരമില്ലാതെ അത് തങ്ങളുടെ വിജയമായി കൊണ്ടാടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു തിരിച്ചടിയുമില്ല. കോടതിയുടെ ഇടപെടല്‍ മൂലമാണെങ്കിലും സര്‍ക്കാരിന്റെ നിര്‍ദ്ദേശം സമരക്കാര്‍ അംഗീകരിക്കുന്നു എന്നതാണ് സത്യം.
പ്രായമായവരും സ്ത്രീകളും സമരരംഗത്തുനിന്ന് മടങ്ങിപ്പോകണമെന്നതാണ് സുപ്രീംകോടതി പറഞ്ഞ മറ്റൊരു കാര്യം. ഇക്കാര്യം സമരത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ പറയുന്നതാണ്. കൊവിഡ് മഹാമാരിക്കിടെ സാമൂഹിക അകലമൊന്നും പാലിക്കാതെ സമരം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കൂടുതലാളുകളെ സമരവേദിയിലെത്തിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി സമവായത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് കര്‍ഷക യൂണിയന് നേതാക്കള്‍ ചെയ്തത്. ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ സമരനേതാക്കള്‍ സര്‍ക്കാര്‍ നല്കിയ ഭക്ഷണം കഴിക്കാതെ വിരോധത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനും ശ്രമിച്ചു. കര്‍ഷക യൂണിയനുകളില്‍ ചിലത് പ്രശ്ന പരിഹാരത്തിന് എതിരാണെന്ന് സമര നേതാക്കളിലൊരാളായ നരേഷ് ടിക്കായത്തു തന്നെ വെളിപ്പെടുത്തുകയുണ്ടായല്ലോ. ഏതു വിധേനയും സമരം നീട്ടിക്കൊണ്ടുപോയി സര്‍ക്കാരിനെതിരെ ജനവികാരം കുത്തിപ്പൊക്കി അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചില പ്രതിപക്ഷ പാര്‍ട്ടികളുടെ ദുഷ്ടലാക്കാണ് പ്രശ്ന പരിഹാരത്തിന് വിഘാതമായിരിക്കുന്നത്. കോടതിയുടെ ഇടപെടലിലൂടെ ഇതിന് മാറ്റം വരുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: