കൊച്ചി: ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ള എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) എന്ന രാസ ലഹരി മരുന്നുമായി രണ്ടു പേര് പിടിയില്‍.കാക്കനാട് ചിറ്റേത്തുകര ഭാഗത്തു നിന്നുമാണ് മാരക ലഹരിമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയിലായി. കൊച്ചി, വെണ്ണല, ചക്കരപറമ്പ്, തയ്യോത്ത് വീട്ടില്‍ ഷിഹാബ്(44), മലപ്പുറം, കോട്ടക്കല്‍, വാളക്കുളം മാറ്റന്‍ വീട്ടില്‍ ജുനൈദ്. എന്നിവരാണ് പിടിയാലായത്.
കൊച്ചി നഗരത്തില്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുനേതൃത്വത്തില് ഡിസ്ട്രിക് ആന്ററ്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സാണ് മയക്കുമരുന്ന് പിടികൂടിയത്. തൃക്കാക്കര ,കാക്കനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഡാന്‍സാഫും,തൃക്കാക്കര പോലീസും ചേര്‍ന്ന് ആഴ്ചകളായി നടത്തിയ രഹസ്യ പരിശോധനകള്‍ക്കിടയിലാണ് ഇവര്‍ പിടിയിലായത്.
വില്പനക്കായി കൊണ്ടുവന്ന അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന 45 ഗ്രാം മയക്കുമരുന്ന് പ്രതികളില്‍ നിന്ന് കണ്ടെടുത്തു.അയല്‍ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ ബന്ധങ്ങള്‍ ഉപയോഗിച്ച് കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയും വില്പനക്കാരായി ഉപയോഗിക്കുന്നത് ഷിഹാബാണ്. രണ്ടു കോടിയോളം രൂപ വിലവരുന്ന വീട്ടില്‍ ഇദ്ദേഹം തനിച്ചാണ് ജീവിക്കുന്നത്. കൊച്ചിയിലെ ലഹരിമരുന്നിന്റെ വലിയ താവളമായിരുന്നു ഈ വീട്. കൊച്ചിയുടെ കിഴക്കന്‍ മേഖലകളില്‍ മയക്കുമരുന്നിന്റെ വന്‍ കച്ചവട കേന്ദ്രങ്ങളുടെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഷിഹാബ്.
ജുനൈദ് നിരവധി കേസിലെ പ്രതിയാണ്. മലപ്പുറത്ത് നാലുകിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസ് നിലവിലുണ്ട്. തൃക്കാക്കര പോലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
പ്രീമിയം ഡ്രഗ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ ലഹരി ഉയര്‍ന്ന നിലയിലുള്ള മാനസിക ഉത്തേജനം നല്‍കുകയും ഉപയോഗിക്കാതായാല് ശാരീരികമായും മാനസികമായും തളര്‍ത്തുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാമിന് 5 കോടി രൂപയാണ് വില. അര ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് 10വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. 2018ല്‍ വിദേശത്തേയ്ക്കു കടത്താന്‍ ശ്രമിച്ച 200 കോടി രൂപ വിലവരുന്ന 30 കിലൊ രാസലഹരി എറണാകുളം എക്സൈസ് പിടികൂടിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് എംഡിഎംഎ ചെറിയ അളവുകളില്‍ പിടികൂടുന്നത് പതിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: