തൃശൂര്‍: ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്സസ്സിന്റെ ഭാഗമായി തൃശൂര്‍-പൊന്നാനി കോള്‍നിലങ്ങളില്‍ നീര്‍പ്പക്ഷി സര്‍വെ നടത്തി. 30ാമത് സര്‍വെയാണ് ഇക്കഴിഞ്ഞ ദിവസം നടത്തിയത്. മാറഞ്ചേരി, ഉപ്പുങ്ങല്‍, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കല്‍, ഏനമാവ്, പുല്ലഴി, അടാട്ട്, മുള്ളൂര്‍ക്കായല്‍ തുടങ്ങിയ കോള്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്ന സര്‍വെയില്‍ 56 ഇനങ്ങളിലായി 16,000 ഓളം പക്ഷികളെയാണ് പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നീര്‍പക്ഷികള്‍ കുറവായിരുന്നു. വിവിധയിനം എരണ്ടകള്‍, വര്‍ണ്ണകൊക്ക്, ഞവുഞ്ഞിപ്പൊട്ടന്‍, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീര്‍കാക്കകള്‍ തുടങ്ങിയവയുടെ എണ്ണത്തിലും ഇത്തവണ കാര്യമായ കുറവാണ് രേഖപ്പെടുത്തിയത്. ചാരത്തലയന്‍ തിത്തിരി, കായല്‍പുള്ള്, ചെങ്കണ്ണന്‍ വരമ്പന്, വെള്ളക്കറുപ്പന്‍ മേടുതപ്പി, താലിപ്പരുന്ത്, പുള്ളിച്ചുണ്ടന്‍ പെലിക്കണ്‍, മീവല്‍ക്കാട തുടങ്ങിയ ഇനം പക്ഷികളെയും ഇത്തവണ കോള്‍നിലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദേശാടനപക്ഷികള്‍ രോഗം ബാധിച്ച് കുട്ടത്തോടെ ചാകുന്നുണ്ടോ എന്ന് സര്‍വെയുടെ ഭാഗമായി പരിശോധിച്ചെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോള്‍പ്പാടത്തെ പക്ഷിക്കൂട്ടായ്മ കോള്‍ ബേഡേഴ്സിന്റെയും കാര്‍ഷിക സര്‍വ്വകലാശാല വന്യജീവി പഠനവിഭാഗവും സംയുക്തമായാണ് സര്‍വെ സംഘടിപ്പിച്ചത്.
സര്‍വെയില്‍ സി.പി. സേതുമാധവന്, മുകുന്ദന് കിഴക്കേമഠം, മിനി ആന്റോ, ജയ്ദേവ് മേനോന്, കെ.ബി. നിഥീഷ്, കെ. ശ്രീകുമാര്‍, ഗോവിന്ദന്‍കുട്ടി, ലതീഷ് ആര്. നാഥ്, അരുണ്‍ ജോര്‍ജ്, പി.കെ. സിജി, വിവേക് ചന്ദ്രന്, ഇ.ആര്. ശ്രീകുമാര്‍, ശ്രീഹരി, മനോജ് കരിങ്ങാമഠത്തില്‍, അദില്‍ നഫര്‍, കൃഷ്ണകുമാര്‍ കെ. അയ്യര്‍, സുബിന് മനക്കൊടി, മാത്യൂസ് തെക്കേതല, എസ്. പ്രശാന്ത്, കെ.സി. രവീന്ദ്രന്, ഷിനോ കൂറ്റനാട് തുടങ്ങി അമ്പതോളം പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.
ഇബേഡ് ആപ്പ് ഉപയോഗിച്ച് ഡിജിറ്റലായി നടത്തിയ വിവരശേഖണം വെറ്റ്ലാന്റ് ഇന്റര്‍നാഷണല്‍, ബേഡ്കൗണ്ട് ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്‍സസ്സ് ഏകോപനം നടത്തുന്ന ഏജന്‍സികള്‍ക്ക് പങ്കുവെച്ചിട്ടുണ്ട്. ഇത് നീര്പക്ഷികളെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്ക്ക് പരിശോധിക്കാവുന്ന തരത്തില്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: