ന്യൂയോര്‍ക്ക്: ഒഹായോയിലെ അരവിന്ദന് സമ്മാനിച്ച വിശേഷം സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. ഒപ്പം ‘ബഞ്ചി’ എന്ന സുന്ദരന്‍ നായക്കുട്ടിയും.
വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ചതിന്റേയും മറ്റും വാര്‍ത്തകള്‍ക്കിടയില്‍ നായക്കുട്ടിയെ നായകന് ആക്കി മലയാളി പ്രവാസി എടുത്ത ഹ്രസ്വ ചിത്രം നവ മാധ്യമങ്ങളില്‍ വൈറലാണ്. രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലധികം പേര് ചിത്രം കണ്ടു.
വളര്‍ത്തു നായയെ വീട്ടില്‍ ഇരുത്തി പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്ന കുടുംബം. അവര്‍ പുറത്തേക്കു പോകുമ്പോള്‍ തന്നെയും കൊണ്ടുപോകണമെന്ന ആഗ്രഹം കഴിയുന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നായ ക്കുട്ടി. ഗൗനിക്കാതെ കുടുംബം പുറത്തേക്ക് പോകുമ്പോള്‍ മാസ്ക്കും കടിച്ചു പിടിച്ച് നായ ഓടിയെത്തിയപ്പോളാണ് മാസ്ക്ക് എടുക്കാത്തകാര്യം മറ്റുള്ളവര്‍ ഓര്‍ത്തത്. തന്നെ കൊണ്ടുപോകാതെ വീട്ടുകാര്‍ പോകുന്നത് ജനല്‍ പാളികളിലൂടെ വിഷമത്തോടെ വീക്ഷിക്കുന്നതും പിന്നീട് കൊണ്ടു പോകുമ്പോള്‍ കാറില്‍ കുട്ടിയുടെ മടിയില്‍ സ്നേഹത്തോടെ കിടക്കുന്നതും ബഞ്ചി എന്ന നായക്കുട്ടി മനോഹരമാക്കി.
തിരുവനന്തപുരം സ്വദേശിയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ വി കെ അരവിന്ദ് വര്‍ഷങ്ങളായി ഒഹായോയിലാണ് താമസം.പ്രസവിച്ചു ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അമ്മയെ നഷ്ടപെട്ട ബെഞ്ചിയെ അരവിന്ദന്റെ കുടുംബം ഏറ്റെടുക്കുകയായിരുന്നു. അരവിന്ദും ഭാര്യ മേഘയും , മകള്‍ പര്വണേന്ദുവും അടങ്ങിയ കുടുംബത്തില്‍ വന്നെത്തിയ ബെഞ്ചി, മേഘയോട് വല്ലാതെ അടുത്തു.വേര്‍പെടല്‍ വേദന വളരെ കൂടുതല്‍ ഉള്ള ടോയ് പൂഡില്‍ വര്‍ഗ്ഗത്തില്‍ പെട്ട നായക്കുട്ടി ആണ് ബെഞ്ചി.
സൗഹൃദ സംഭാഷണത്തിന് ഇടയില്‍ കഥാകൃത്തും തന്റെ സുഹൃത്തുമായ മനോജ് ഭാസ്കറിനോട് അരവിന്ദ് ബെഞ്ചിയെ കുറിച്ചു സംസാരിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞു വന്ന കഥയും ഫിലിമുമാണ്”You & Me”.’. നായക്കുട്ടി , മനുഷ്യ രാശിക്ക് മുഴുവനും നല്ലൊരു സാമൂഹിക സന്ദേശം തരുന്ന ചിത്രം
.ഇതിന്റെ സംവിധായകന് ദിപിന് ദാസ് കേരളത്തില്‍ ഇരുന്നു കൊണ്ട് ആയിരുന്നു തീര്‍ത്തും അമേരിക്കയില്‍ ഷൂട്ട് ചെയ്ത ഈ ചിത്രത്തെ ഡയറക്റ്റ് ചെയ്തത്. അതും ഒരു നായക്കുട്ടിയെ നായകന് ആക്കി. ഇങ്ങനെ ഒരു ശ്രമം, സിനിമ ചരിത്രത്തില്‍ ആദ്യമായാണ് എന്നാണ് “You & Me”. ടീമിന്റെ അഭിപ്രായം.
7 മിനിറ്റ് മാത്രം ഉള്ള ഈ ചിത്രത്തില്‍ ഒരുമിനിറ്റ് വരുന്ന അതി മനോഹരം ആയ ഗാനവും ഉണ്ട്. മലയാളികള്‍ ഇതിനോടകം തന്നെ ഗാനത്തെ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു, എസ് ആര് സൂരജ് സംഗീത സംവിധാനം ചെയ്ത ഗാനം എഴുതിയിരിക്കുന്നത് കവി പ്രസാദ് ഗോപിനാഥും ആലപിച്ചിരിക്കുന്നത് അരുണ്‍ ജി എസ് ഉം ആണ്.
മജീഷ്യനും കൂടിയായ അരവിന്ദ് നിർമിച്ചിരിക്കുന്ന ചിത്രത്തില്‍ ,അരവിന്ദും മകള്‍ പര്വണേന്ദുവും കുടുംബ സുഹൃത്ത് അഞ്ജന എസ് നായരും ആണ് അഭിനയിച്ചിരിക്കുന്നത്.
തീര്‍ത്തും കൊളംബസില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ ലോഞ്ചിങ് ചെയ്തത് വാവ സുരേഷ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: