ആലപ്പുഴ: ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരായ മത്സരത്തില്‍ നിന്ന് സിപിഐ പിന്മാറുന്നു. മണ്ഡലം സിപിഎം ഏറ്റെടുത്ത് പകരം അരൂര്‍ മണ്ഡലം നല്‍കാനാണ് ധാരണയെന്നാണ് വിവരം. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന ഹരിപ്പാട് മണ്ഡലം 2011ല്‍ രമേശ് ചെന്നിത്തല മത്സരിക്കാന്‍ എത്തിയതോടെയാണ് സിപിഐക്ക് വിട്ടുനല്‍കിയത്. അത് പക്ഷെ ചതിയായിരുന്നു എന്ന് തെരഞ്ഞെടുപ്പിലെ വോട്ട്നില വ്യക്തമാക്കുന്നു.
സിപിഐക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം കോണ്‍ഗ്രസിനായി പണിയെടുത്തു എന്നാണ് ആക്ഷേപം. 2001ല്‍ സിപിഎമ്മിലെ ടി.കെ. ദേവകുമാറാണ് ഒടുവില്‍ ഇടതുപക്ഷത്തുനിന്നു ജയിച്ചത്. എന്നാല്‍, 2006ല്‍ പരാജയപ്പെട്ടു. 2011ല്‍ സിപിഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിനു തോല്‍പ്പിച്ച രമേശ് ചെന്നിത്തല കഴിഞ്ഞ തവണ 18,621 വോട്ടാക്കി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. സിപിഐയുടെ പി. പ്രസാദായിരുന്നു എതിരാളി.
2011ല്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് 61,858 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ല്‍ 57,359 വോട്ടായി കുറഞ്ഞു. കോണ്‍ഗ്രസിന് അതിന് അനുസരിച്ച് വോട്ടുകള്‍ വര്‍ദ്ധിച്ചു. ഇടതുപക്ഷത്തെ ഒരു വിഭാഗം വോട്ടുകള്‍ യുഡിഎഫിന് മറിഞ്ഞു എന്ന് വ്യക്തം. ബിജെപിക്കാകട്ടെ വോട്ടുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയാണുണ്ടായത്. 2011ല്‍ 3145 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. 2016ല്‍ ഇത് 12,985 വോട്ടുകളായി. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടി കരുത്ത് തെളിയിക്കാന്‍ എന്‍ഡിഎയ്ക്കായി.
ഇതോടെയാണ് ഓരോ തെരഞ്ഞടുപ്പിലും കാലുവരലിലൂടെ വോട്ട് കുറയുന്ന മണ്ഡലം സിപിഎമ്മിന് വിട്ടുകൊടുക്കാന്‍ സിപിഐ തീരുമാനിച്ചതെന്ന് അറിയുന്നു. പകരം നല്കുന്ന അരൂരാകട്ടെ ജില്ലയില്‍ സിപിഎം വിഭാഗീയത ഏറ്റവും രൂക്ഷമായ പ്രദേശമാണ്. 2016ല്‍ സിപിഎമ്മിലെ എ.എം. ആരിഫ് 38,519 വോട്ടിനു ജയിച്ച അരൂരില്‍ അദ്ദേഹം രാജിവച്ച് ലോക്സഭാംഗമായശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനോട് സിപിഎമ്മിലെ മനു സി. പുളിക്കല്‍ 2079 വോട്ടിനാണ് തോറ്റത്. തോല്‍വിക്കു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സീറ്റ് വച്ചുമാറുന്നതിനു സിപിഎം താല്പര്യം കാട്ടുന്നത്. മാത്രമല്ല ഇവിടെ സീറ്റ് ലഭിക്കാന്‍ സാദ്ധ്യതയേറെയുള്ള സംസ്ഥാന
കമ്മിറ്റിയംഗത്തെ ഒഴിവാക്കുകയെന്ന ലക്ഷ്യവും നേടാന്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന് സാധിക്കും. ഹരിപ്പാട് ഒഴികെ ഏത് മണ്ഡലം ലഭിച്ചാലും സന്തോഷം എന്ന നിലപാടിലാണ് സിപിഐ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് നിരവധി സിപിഐ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.
മണ്ഡലം വച്ചുമാറല്‍ ഇരുപാര്‍ട്ടികള്‍ക്കും ആശ്വാസകരമാകുകയാണ്. ചെന്നിത്തിലയ്ക്കും മണ്ഡലത്തില്‍ ഇത്തവണ കാര്യങ്ങള്‍ സുഗമമാകില്ല. കോണ്‍ഗ്രസിനുള്ളിലെ ശക്തമായ ഭിന്നതയും. ഐ ഗ്രൂപ്പിനുള്ളിലെ തമ്മിലടിയും പ്രതിസന്ധിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: