കണ്ണൂര്‍: ജില്ലയുടെ മലയോരങ്ങളില്‍ മാവോവാദികള്‍ പിടിമുറുക്കുന്നതായ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കി പോലീസും തണ്ടര്‍ ബോള്‍ട്ടും. മാവോവാദികള്‍ക്കായി തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തുന്ന കൊട്ടിയൂര്‍ വനമേഖലയില്‍ എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര് പശ്ചിമഘട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കബനീ ദളത്തിലുണ്ടെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മലയോര മേഖലയിലെ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിരിക്കുന്നത്.
കൊട്ടിയൂര്‍ വനമേഖലയിലെത്തിയ സംഘത്തിലെ പ്രധാനിയായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കമ്പം പാട്ടി ചൈതന്യ എന്ന സൂര്യ (25) തീവ്രവാദ വിരുദ്ധ സ്ക്വാഡിന് നല്കിയ മൊഴിയില്‍ മാവോവാദികള്‍ പിടിമുറുക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയതായ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മാവോവാദി സംഘത്തിലെ കര്‍ണാടക സ്വദേശിനികളായ രണ്ടു യുവതികളെയാണ് തിരിച്ചറിഞ്ഞത്. ആന്ധ്രയില്‍ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാന്‍ഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
പത്ത് ദിവസത്തേക്കാണ് യുവതിയെ കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്. കനത്ത സുരക്ഷയില്‍ രഹസ്യ കേന്ദ്രത്തിലാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സൂര്യയെ ചോദ്യം ചെയ്യുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരി കൂടിയായ സൂര്യയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി.കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂര്യയും സി.പി. മൊയ്തീനും രണ്ട് യുവതികളും ഉള്‍പ്പെടെയുളള സംഘം ആയുധങ്ങളുമായി കൊട്ടിയൂരിലെത്തിയത്. കോളനികളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സംഘത്തിലുള്ള രണ്ട് യുവതികളേയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നും പിടികൂടിയ സൂര്യയെ ബംഗളൂരു വഴി നെടുമ്പാശേരിയില്‍ എത്തിക്കുകയും തുടര്‍ന്ന് തലശേരിയിലേക്ക് കൊണ്ടു വന്ന് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മാവോവാദികള്‍ സംസ്ഥാന വ്യാപകമായി അക്രമത്തിന് പദ്ധതിയിടുന്നതായ സൂചന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് കൈമാറിയതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: