അമ്പലപ്പുഴ: അംഗീകാര നിറവിന്റെ പടിവാതില്ക്കല് ആരോഗ്യ കേന്ദ്രം. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിനെയാണ് ആരോഗ്യ വകുപ്പ് ശുചിത്വ കായ കല്പ്പ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് 229 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് പുരസ്കാരത്തിനായി അപേക്ഷ നല്‍കിയത്. ഇതില്‍ 23 എണ്ണമാണ് തെരഞ്ഞെടുത്തത്.ഇതില്‍ ജില്ലയില്‍ നിന്ന് പരിഗണിക്കപ്പെട്ട ഏക ആരോഗ്യ കേന്ദ്രമാണ് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍.
പകര്‍ച്ച വ്യാധി വിമുക്ത പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ ഈ ആരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ തന്നെ മാറിയിരിക്കുകയാണ്. കോവിഡ് കൂടി കണക്കിലെടുത്ത് രോഗീ സൗഹൃദ ആരോഗ്യ കേന്ദ്രമായി ഇതിനെ മാറ്റിയെടുത്തിട്ടുണ്ട്. 28 ഓളം ഔഷധ ചെടികളുള്ള ഔഷധ സസ്യത്തോട്ടം കൂടാതെ 82 ഓളം ഫലവൃക്ഷത്തൈകളും ഇവിടെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അയ്യായിരം ലിറ്റര്‍ മഴവെള്ള സംഭരണിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പ്രതിദിനം അറുനൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജനറല്‍ ഒ.പി, ജീവിത ശൈലി രോഗ ഒപി, ഫീവര്‍ ഒപി എന്നിങ്ങനെ മൂന്നായി തിരിച്ച് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ: കാരള്‍ പിന് ഹെയ്റോ പറഞ്ഞു.എല്ലാ വ്യാഴാഴ്ചയും പോസ്റ്റ് കോവിഡ് ക്ളിനിക് പ്രവര്‍ത്തിക്കുന്നതോടൊപ്പം ആഴ്ചയിലൊരു ദിവസം കോവിഡ് പരിശോധനയും നടക്കുന്നുണ്ട്.
ദേശീയപാതക്കരികില്‍ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയത്തിന് ജില്ലയിലെ മികച്ച അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: