ആലപ്പുഴ : ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും തമ്മില്‍ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആര്‍ച്ച് പാലമായ വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കോവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വീണ്ടും പഴയ ഊര്‍ജ്ജത്തോടെയാണ് പുരോഗമിക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയഴീക്കലില്‍ നിന്ന് അഴീക്കല്‍ എത്തുന്നതിന് 28 കിലോമീറ്ററോളം ദൂരം ലാഭിക്കുവാന്‍ സാധിക്കും. വലിയ മത്സ്യബന്ധന യാനങ്ങള്‍ക്കും പാലത്തിനടിയിലൂടെ സുഖമമായി കടന്നു പോകാവുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. സെന്‍ട്രല്‍ സ്പാനിന്റെയും അറ്റാച്ച്മെന്റ് റോഡിന്റെയും പ്രവര്‍ത്തികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇതില്‍ തന്നെ അറ്റാച്ച്മെന്റ് റോഡിനായുള്ള സ്ഥലമെറ്റെടുപ്പ് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് ഇടപെട്ടാണ് പൂര്‍ത്തീകരിച്ചത്.
2016 ഫെബ്രുവരിയില്‍ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അതേ വര്‍ഷം തന്നെ മാര്‍ച്ച് 4 ന് ആരംഭിക്കുകയും ചെയ്തിരുന്നു. 976 മീറ്റര്‍ നീളത്തില്‍ 140 കോടി രൂപ വിനിയോഗിച്ച് 29 സ്പാനുകളോടെയാണ് പാലം നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതില്‍ 110 മീറ്ററിന്റെ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലുള്ള 3 സ്പാനുകള്‍ കായലിനു കുറുകെയാണ്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആര്‍ച്ചാണ് പാലത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. കൂടാതെ 37 മീറ്റര്‍ നീളമുള്ള 13 സ്പാനുകളും 12 മീറ്റര്‍ നീളമുള്ള 13 സ്പാനുകളും ഉള്‍പ്പെടെയാണ് പാലം നിര്‍മ്മിക്കുന്നത്. നിലവില്‍പാലത്തിന്റെ 75 ശതമാനത്തോളം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും രണ്ടുമാസത്തിനുള്ളില്‍ പാലം ഗതാഗതത്തിന് പൂര്‍ണ സജ്ജമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പിഡബ്ലിയുഡി ബ്രിഡ്ജസ് വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: