കാക്കനാട്: ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും പിറന്ന മണിൽ നിന്നു പിഴുതെറിയപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാന്‍ സർക്കാരിനു കഴിയുന്നില്ല.റോഡിനും പാലത്തിനും വേണ്ടി മൂലമ്പിള്ളി വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങൾക്കാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.
മുളവുകാട് പോലീസ് സ്റ്റേഷന് പിന്നിൽ പുഴ നികത്തിയ സ്ഥലത്ത് 15 കുടുംബങ്ങൾക്കും മൂലമ്പിള്ളിയിൽ 13, കോതാട് 15, വടുതലയിൽ 96, കാക്കനാട് തുതിയൂർ ഇന്ദിരാ നഗറിൽ 121, തുതിയൂർ മുട്ടുങ്കൽ റോഡിനു സമീപം 56 പേർക്കും വീടു വയ്‌ക്കുവാൻ സ്ഥലം നൽകി. ചതുപ്പു നിലം നൽകിയ തുതിയൂർ മുട്ടുങ്കലിൽ രണ്ടു വീടുകൾ നിർമിച്ചുവെങ്കിലും അതികം വൈകാതെ ചരിഞ്ഞു. ഇന്ദിരാ നഗറിൽ 7 വീടുകളിൽ വിള്ളലും ചരിവും മൂലം മറ്റാരും വീടു നിർമിച്ചില്ല. 2008 ഫെബ്രുവരിയിലാണ് മൂലമ്പിള്ളി പദ്ധതിക്കായി ഇത്രയും കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. 2008 ജൂലൈ 20നുണ്ടായ ഹൈക്കോടതി വിധി പ്രകാരം താമസ യോഗ്യമായ വീടു വയ്‌ക്കുന്നതിനു അനുയോജ്യമായ സ്ഥലം നൽകുന്നതു വരെ ഓരോ കുടുംബത്തിനും വാടകയിനത്തിൽ പ്രതിമാസം 5,000 രൂപ നൽകണമെന്ന ഉത്തരവുണ്ടായെങ്കിലും 2013 ജനുവരി മുതൽ നാളിതുവരെ ഒരു പൈസാ പോലും സർക്കാർ നൽകിയിട്ടില്ല.
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് പദ്ധതിയിൽ തൊഴിൽ നൽകുമെന്ന കരാറും ജലരേഖയായി. കുടിയിറക്കപ്പെട്ടവർ 10 വർഷം പിന്നിട്ടതിനാൽ പുതുക്കിയ പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ടതാണെങ്കിലും അധികാരികളെ കൊണ്ടു ചെയ്യിപ്പിക്കുന്നതിനുള്ള ആർജവം മൂലമ്പിള്ളി സമര സമിതിക്കോ രാഷ്‌ട്രീയ പ്രസ്ഥാനത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പുനരധിവാസത്തിനായി നൽകുന്ന ഭൂമി 25 വർഷത്തേക്കു വിൽക്കുവാൻ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ സ്ഥലം പണയം വച്ചു ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്‌പ ലഭിക്കാത്തതും മൂലം ഭവന നിർമാണം ദിവാ സ്വപ്നമായി ഇന്നും അവശേഷിക്കുന്നു. പുനരധിവാസ ഭൂമിയോ സ്വന്തമായി വീടോയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാതെ ഇതിനകം 27 പേർ മരണമടഞ്ഞു.
പുനരധിവാസ ഭൂമി തീരപരിപാലന നിയമ പരിധിയിൽ നിന്നും സർക്കാർ ഒഴിവാക്കിയെങ്കിലും പ്ലോട്ടിന്റെ 33 ശതമാനം മാത്രമേ നിർമാണം പാടുള്ളുവെന്ന വ്യവസ്ഥ മറ്റൊരു കീറാമുട്ടിയായി തുടരുന്നു. കോതാട്, മൂലമ്പിള്ളി പുനരധിവാസ ഭൂമിയിൽ വീടു വയ്‌ക്കുന്നതിനായി നൽകിയ അപേക്ഷ ഈ നിയമത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ടു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി ജില്ലാ കളക്ടർ ഇടപെട്ടു തിരിച്ചു പിടിച്ചതും അല്ലാത്തതും കാക്കനാട് വില്ലേജ് അതിർത്തിയിൽ ഏക്കർ കണക്കിനു ഭൂമിയുണ്ട്. ഇവ കണ്ടെത്തി പുനരധിവാസക്കാർക്ക് നൽകുന്നതിനുള്ള ഇഛാശക്തി സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമുണ്ടായാൽ കുറേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: