ജ്ഞാനസുരഭിലമായ ത്യാഗഭൂമിയും കര്മബന്ധുരമായ യോഗഭൂമിയുമാണ് ഭാരതം. ത്യജിക്കലിനേയും ഭുജിക്കലിനേയും സമന്വയിപ്പിക്കുന്ന ഈ മന്ത്രം ഭാരതഭൂമിയുടെ ഭാസുര സന്ദേശമാണ്. പരിത്യാഗശീലമാണ് ഒരുവനെ പരമാത്മാവിലേക്ക് അടുപ്പിക്കുന്നത്. സര്‍വസംഗപരിത്യാഗികളായ സ്ഥിതപ്രജ്ഞരുടെ ജന്മഭൂമിയാണ് ഭാരതം. ദിക്കാലാതിവര്‍ത്തിയായി മുഴങ്ങുന്ന മുഗ്ധമന്ത്രമാണ് ‘തേനത്യക്തേന ഭുഞ്ജീഥാ’ .
ത്യാഗപൂര്‍വമായ ഭോഗം എന്ന സങ്കല്പം ശക്തമായും വ്യക്തമായും ഈശാവാസ്യോപനിഷത്ത് അവതരിപ്പിക്കുന്നു. ഈ ആശയമാണ് ഭഗവദ്ഗീത വികസിപ്പിച്ചെടുത്തത്. അതുകൊണ്ടാണ് മഹാത്മാഗാന്ധി ഈശാവാസ്യോപനിഷത്തിന്റെ സന്തതിയാണ് ഭഗവദ്ഗീത എന്നെഴുതിയത്.
ഈ ആര്ഷഗ്രന്ഥം അവതരിപ്പിക്കുന്ന ത്യാഗസിദ്ധാന്തം എത്രമേല്‍ ചര്‍ച്ചയ്ക്കു വിധേയമായിരിക്കുന്നു. ബ്രഹ്മവിദ്യ പ്രതിപാദിക്കുന്ന ജ്ഞാനകാണ്ഡം എന്ന നിലയക്കു വേണം നാം ഇൗശാവാസ്യമന്ത്രങ്ങളെ വിടര്‍ത്തി പരിശോധിക്കേണ്ടത്. ത്യജിച്ച് ഭുജിക്കണം. ഉപനിഷത്ത് അവതരിപ്പിക്കുന്ന സമസ്യയാണിത്. എന്തിനെയാണ് ത്യജിക്കേണ്ടത്? ഭുജിക്കേണ്ടത് എന്ത്? ഭാഷ്യകാരന്മാരെ ആകവേ ഈ പ്രശ്നം അലട്ടിയിട്ടുണ്ട്. ശ്രീശങ്കരന്റെ വാദം നമുക്കിങ്ങനെ സംഗ്രഹിക്കാം.
ബ്രഹ്മമാണല്ലോ സത്യം? ശ്രീശങ്കരന് ജഗത്ത് മിഥ്യയും. ജഗത്ത് സത്യമാണെന്ന അയഥാര്‍ഥ ബോധമാണ് ശങ്കരപക്ഷത്ത് ത്യജിക്കപ്പെടേണ്ടത്. ഇതിനെ ‘ഏഷണാത്രയ സംന്യാസം’ എന്ന മനോഹര സംജ്ഞ കൊണ്ട് ഭാഷ്യകാരന്‍ വ്യവഹരിക്കുന്നു. എന്താണ് ഏഷണ? സംസാരബന്ധകാരകമായ ആഗ്രഹങ്ങളാണ് ഏഷണ. ഏഷണ മൂന്നു വിധം. പുത്രൈഷണ, ദാരൈഷണ, വിത്തൈഷണ. സന്താനം, സംബന്ധം (ഭാര്യ), സമ്പത്ത്. ഇവയുമായി ബന്ധപ്പെടുന്ന അധികാരത്തിനാണല്ലോ, മനുഷ്യന്റെ വീറും വാശിയും കലിയും കലഹവും. ഇവയ്ക്കായുള്ള ആഗ്രഹം ഒന്നാമതായി ഒഴിവാക്കണം. കര്‍മമേ പാടില്ല. ഇതാണ് യഥാര്‍ഥ സംന്യാസം. അപ്പോള്‍ എന്താണു ഭുജിക്കേണ്ടത്? ബ്രഹ്മാനന്ദം. അതായത് ആനന്ദാമൃതം. ഇവിടെ ഒരു കലശലായ പ്രശ്നം. എല്ലാവരും ആത്മാരാമന്മാരായി ആനന്ദം നൊട്ടി നുണഞ്ഞു കഴിഞ്ഞാലത്തെ ലോകാവസ്ഥ പരിതാപകരമല്ലേ?
ബ്രഹമനിഷ്ഠയോടെ ഈശ്വര ഭജനം ചെയ്യുന്നവര്‍ക്ക് കര്മ്മത്തിനധികാരമില്ലെന്നും സംന്യാസത്തിനേ അധികാരമുള്ളൂ എന്നും നമ്മുടെ ആചാര്യന്മാര് തറപ്പിച്ചു പറയുന്നുണ്ട്. അപ്പോള്‍ ആര്‍ത്തനും അര്‍ഥാര്‍ഥിയും ജിജ്ഞാസുവും എന്തു ചെയ്യും? ‘സര്‍വ കര്‍മസംന്യാസം’ ജ്ഞാനിക്കു മാത്രമാവും. അല്ലേ? ‘ത്യക്തേന ഭുഞ്ജീഥാഃ’ എന്നതിന് ത്യജിച്ച് ഭുജിക്കുക എന്നാണല്ലോ അര്‍ഥം. ഭുജിക്കുക എന്നതിന് അനുഭവിക്കുക എന്ന അര്‍ഥമോ പാലിക്കുക എന്ന അര്‍ഥമോ സ്വീകരിക്കുക. ‘ആഗ്രഹത്യാഗത്തിലൂടെ ആത്മാവിനെ രക്ഷിക്കുക’ എന്ന് ശ്രീശങ്കരന്റെ ലളിതമായ വ്യാഖ്യാനം.
ത്യാഗഭോഗസിദ്ധാന്തത്തിന്റെ പ്രായോഗിക പാഠം ഇങ്ങനെ: ജീവിക്കുക എന്നാല്‍ കര്‍മം ചെയ്യുക. കര്‍മം ചെയ്യുമ്പോള്‍ ആഗ്രഹങ്ങള്‍ക്ക് പരിധിയുണ്ടാവണം. ഏതു കര്‍മത്തിനും ഫലമുണ്ടാവും. ഫലങ്ങളോട് ഒട്ടിപ്പിടിക്കാതിരിക്കുക. നല്ല ഭാഷയില്‍ സംഗവും ലേപവും പാടില്ല. ഈശ്വരന് വിട്ടു തരുന്നത് അനുഭവിക്കുക. സരളവിചാരത്തില് ‘തേനത്യക്തേന’യുടെ പൊരുളിതു മാത്രം. ഈശ്വരന്റെ ഈ ലോകത്തില്‍ ഒരല്പം ഇടം എനിക്കും ലഭിച്ചുവല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: