കൊവിഡ് പ്രതിരോധം വിജയകരമായി നിര്‍വഹിക്കുന്ന ഭാരതം മറ്റൊരു മഹാദൗത്യത്തിലേക്ക് പ്രവേശിക്കുകയാണ്. കൊവിഡ് മഹാമാരിക്കെതിരെ ലോകത്തേറ്റവും വലിയ വാക്സിനേഷന് അഥവാ പ്രതിരോധ കുത്തിവയ്പ്പിനാണ് ഭാരതം തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ ഈ മഹായജ്ഞത്തെ ലോകം അതീവ താല്പര്യത്തോടെ വീക്ഷിക്കുന്നു. രാഷ്ട്രം സ്വന്തമായി നിര്‍മിച്ച കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ പ്രതിരോധ മരുന്നുകള്‍ ആരോഗ്യപ്രവര്ത്തകരുള്പ്പെടെ മൂന്ന് കോടി വരുന്ന മുന്നണിപ്പോരാളികള്‍ക്കാണ് ആദ്യം നല്‍കുക. മരുന്നുകള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതും, സൂക്ഷിക്കുന്നതുമുള്പ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും
പൂര്‍ത്തിയായിക്കഴിഞ്ഞു. മുന്‍ഗണനാക്രമം അനുസരിച്ച് 30 കോടിയാളുകള്‍ക്ക് ജൂലൈ മാസത്തോടെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇത്രയും വിപുലമായ ഒരു വാക്സിനേഷന് മറ്റൊരു രാജ്യത്തും നടക്കുന്നില്ല എന്നറിയുമ്പോഴാണ് ഭാരതത്തിന്റെ കരുത്തും, ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമതയും ബോധ്യപ്പെടുക. ലോക്ഡൗണ്‍ കാലത്ത് മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും അത് തുടരുന്നുണ്ടെങ്കിലും സമൂഹത്തില്‍ ഇത്തരക്കാര്‍ ഒറ്റപ്പെട്ടിരിക്കുന്നു.
രോഗപ്രതിരോധം ഫലപ്രദമാക്കാന്‍ ലോക്ഡൗണ്‍ കാലത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് സാമാന്യജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചു. എന്നാല്‍ അത് പാളിപ്പോകുമെന്നും പാളിപ്പോകണമെന്നുമാണ് പ്രതിപക്ഷത്തെ ചില പാര്‍ട്ടികളും, അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ചിന്തിച്ചതും ആഗ്രഹിച്ചതും. ഇക്കൂട്ടര്‍ നടത്തിയ രാഷ്ട്രീയപ്രേരിതമായ കുപ്രചാരണത്തെ മറികടന്നും ജനങ്ങള്‍ പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമര്‍പ്പിച്ചു. ഇത് ഫലം കണ്ടു. പല രാജ്യങ്ങളിലും കൊവിഡ് രോഗത്തിന്റെ രണ്ടാം തരംഗവും മൂന്നാം തരംഗവുമൊക്കെ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കും നിലനിര്‍ത്താന്‍ കഴിഞ്ഞത് നാശത്തിന്റെ പ്രവാചകര്‍ക്ക് ചെവികൊടുക്കാതെ ജനങ്ങളെ നയിക്കാനും, ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് ഓരോ ഘട്ടത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞതിനാലാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കുന്ന ഭാരതത്തെപ്പോലുള്ള ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത് ഒട്ടും എളുപ്പമായിരുന്നില്ല.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട, കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ രോഗം വീണ്ടും പടരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിനനുസരിച്ച് കൊവിഡ് മഹാമാരിയില്‍നിന്ന് മാനവരാശിയെ രക്ഷിക്കാനാണ് ഭാരതം ശ്രമിക്കുന്നത്. കൊവിഡ് കാലത്ത് 150 രാജ്യങ്ങള്‍ക്കാണ് ഭാരതം വിവിധതരം മരുന്നുകളെത്തിച്ചത്. പല രാഷ്ട്രത്തലവന്മാരും ഇതിന് പ്രധാനമന്ത്രി മോദിയെ നന്ദിയറിയിക്കുകയുമുണ്ടായി. മരുന്നുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ ഫാര്‍മസി എന്നറിയപ്പെടുന്ന ഭാരതം ആ പേര് അ
ന്വര്ത്ഥമാക്കുകയായിരുന്നു. പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തിലും പല ലോകരാജ്യങ്ങള്‍ക്കും ഭാരതത്തെയാണ് വിശ്വാസം. നമ്മള് നിര്‍മിച്ച രണ്ട് പ്രതിരോധ മരുന്നുകളാണ് അവര്‍ക്ക് ആവശ്യം. ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകംതന്നെ വന്‍തോതില്‍ വാക്സിനുകള്‍ വാങ്ങാന്‍ ഭാരതവുമായി ധാരണയിലെത്തിക്കഴിഞ്ഞു. ചൈനയും അവരുടേതായ കൊവിഡ് വാക്സിന് വികസിപ്പിച്ചിരുന്നു. എന്നാല്‍ ആ രാജ്യത്തിന്റെ എക്കാലത്തെയും സഖ്യകക്ഷിയായ പാക്കിസ്ഥാനു
പോലും ഇത് വേണ്ട. ചൈനയുടെ വാക്സിന് കറാച്ചിയിലും മറ്റും പരീക്ഷിച്ചിരുന്നെങ്കിലും അവിടുത്തെ ജനങ്ങള്‍ക്ക് ഈ മരുന്നില്‍ വിശ്വാസമില്ല. പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ ഭാരതത്തിലേക്കാണ് പാക് ജനതയും ഉറ്റുനോക്കുന്നത്. ഭാരതം എത്രമാത്രം ശക്തിയാര്‍ജിക്കുകയും വികസിക്കുകയും ചെയ്യുന്നുവോ അത്രതന്നെ അത് മാനവരാശിയുടെ ക്ഷേമത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: