ക്രിമിനല്‍ കുറ്റങ്ങളൊന്നും ചെയ്യാത്ത, അതെന്തെന്ന് പോലും അറിയാത്ത പാവമൊരു സക്കീര്‍ഹുസൈന്‍ പാര്‍ട്ടിക്ക് പുറത്ത് തന്നെ സസ്പെന്‍ഷനില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവര്‍ സിപിഎം എന്ന വിപ്ലവപാര്‍ട്ടിയുടെ ശത്രുക്കള്‍ മാത്രമാണ്.
പാര്‍ട്ടിയുടെ സെക്രട്ടറിക്കസേരയില്‍ താല്ക്കാലികക്കാരനായി ഇപ്പോള്‍ ഉപവിഷടനായ എ. വിജയരാഘവന് സാര്‍ ഇക്കാര്യം തുറന്ന് പറയാന്‍ ഇപ്പോഴെങ്കിലും തയ്യാറായത് പാര്‍ട്ടിയുടെ മഹാഭാഗ്യം!…. അല്ലെങ്കില്‍ സക്കീര്‍ഹുസൈന്‍ സഖാവ് പാര്‍ട്ടി സസ്പെന്‍ഷന്റെ അപമാനവും പേറി ഇനിയും കാലം കഴിക്കേണ്ടി വന്നേനെ…..
സക്കീര്‍ സഖാവിനെ പാവം കുഞ്ഞാടുകളായ പാര്‍ട്ടി അണികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും മാലോകര്‍ക്കെല്ലാം അങ്ങേരെ അറിയാം. പാര്‍ട്ടി എറണാകുളം ജില്ലാക്കമ്മറ്റി അംഗവും കൂടാതെ ടിയാന് കളമശ്ശേരി ഏരിയാ പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്നു. ഇത്തരത്തില്‍ വിപ്ലവപാര്‍ട്ടിയെ രാപകലില്ലാതെ സേവിച്ചുകൊണ്ടിരിക്കെയാണ് സക്കീര്‍ സഖാവിനെതിരെ പാര്‍ട്ടിയിലെ തന്നെ ചില ദോഷൈകദൃഷ്ടികള്‍ തീര്‍ത്തും സിമ്പിളായ ആരോപണം ഉന്നയിച്ചത്. പത്തു വര്‍ഷത്തിനിടയില്‍ സക്കീര്‍ സഖാവ് അഞ്ചു വീടുകള്‍ വാങ്ങി എന്നായിരുന്നു അതില്‍ പ്രധാനം.
പിന്നെ ദുബായിലേക്കെന്ന് പറഞ്ഞ് സക്കീര്‍ സഖാവ് പോയത് ബാങ്കോക്കിലേക്കായിരുന്നുവത്രെ. ഇതൊക്കെ ഒരു പാര്‍ട്ടി സഖാവിനെ കുറിച്ച് ഇക്കാലത്ത് പറയാന്‍ കൊള്ളാവുന്ന കാര്യം വല്ലതുമാണോ?….വേറെ വീടുകളുണ്ടെന്ന് അറിയാമായിരുന്നിട്ടും വെറും 76 ലക്ഷം രൂപയ്ക്ക് വീട് വാങ്ങാന്‍ സക്കീര്‍ സഖാവിന് പച്ചക്കൊടി കാണിച്ച പാര്‍ട്ടി ഏരിയാക്കമ്മറ്റി തന്നെയല്ലേ ആരോപണക്കേസില്‍ ഒന്നാം പ്രതിയാകേണ്ടത്?…. അതിന് പാവം സക്കീര്‍ സഖാവ് എന്തു പിഴച്ചു. ഏരിയ പാര്‍ട്ടി യെസ് മൂളിയപ്പോള്‍ അങ്ങേര് സ്വന്തം പെട്ടി തുറന്ന് 76 ലക്ഷത്തിന്റെ നോട്ടുകളെടുത്ത് കൊടുക്കുക മാത്രമാണ് ചെയ്തത്. അങ്ങിനെയൊരു വീടുകൂടി വാങ്ങി. വീട് പലതുള്ളത് സക്കീര്‍ സഖാവിന് മാത്രമല്ലല്ലൊ പാര്‍ട്ടിക്കും ഒരു അലങ്കാരമാകില്ലെ അത്. ഇക്കാര്യങ്ങളൊന്നും തുരുമ്പിച്ച് തീര്‍ന്ന ആദര്‍ശങ്ങളില്‍ ഇപ്പോഴും കടിച്ചുതൂങ്ങി നില്ക്കുന്ന കൈവിരലില്‍ എണ്ണാവുന്ന പഴഞ്ചന്മാര്ക്ക് മനസ്സിലാവില്ല. എ. വിജയരാഘവന് സാര്‍ ഇതൊക്കെ എന്നെ ബാലപാഠമാക്കിയതാണ്. അത്കൊണ്ടാണല്ലൊ ഒരേസമയം പാര്‍ട്ടി സെക്രട്ടറിയുടേയും മുന്നണി കണ്‍വീനറുടേയും സ്ഥാനം അങ്ങേര് ഒപ്പം ചുമക്കുന്നത്. രണ്ടു മക്കളുള്ളത് രണ്ടും വഴിപിഴച്ച് വരുത്തിവെച്ച മാനക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ കോടിയേരി സാര്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് പകരം വെക്കാന്‍ കണ്ടെത്തിയ ആള് എന്തുകൊണ്ടും പ്രതീക്ഷിച്ചതിലും കേമനാണ്. സക്കീര്‍ സഖാവിനെ പോലുള്ള പാര്‍ട്ടി പ്രവര്ത്തകന്മാര് പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതെന്തൊക്കെയെന്ന് പാര്‍ട്ടിയിലെ മര്യാദാപാലക വൃന്ദമാണ് നിശ്ചയിക്കുക. ഇതേക്കുറിച്ച് ചോദിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഇതേവരെ സുപ്രീംകോടതിക്ക് പോലും അധികാരം കൈമാറിയിട്ടില്ല.
പുതിയ സാഹചര്യത്തില്‍ അത് കൈമാറുകയുമില്ല. പാര്‍ട്ടിയുടെ കരുത്തും ബലവും സക്കീര്‍ സഖാക്കളെ പോലുള്ളവരുടെ കൈകളിലാണ് ഇപ്പോള്‍ ഭദ്രമെന്ന് പോളിറ്റ്ബ്യൂറോവിനും നല്ല നിശ്ചയമുണ്ട്. സക്കീറിനെ പോലുള്ളവര്‍ പത്തുവര്‍ഷത്തിനിടയില്‍ അഞ്ചല്ല അതിലും കൂടുതല്‍ വീടുകളും ഫഌറ്റുകളും മറ്റും വാങ്ങിയെന്നിരിക്കും. അതില്‍ മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് അസൂയാലുക്കളായ പാര്‍ട്ടിയിലെ പഴഞ്ചന്മാര്ക്ക് മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ഇതിനുള്ള അധികാരം പാര്‍ട്ടിയിലെ മര്യാദാപാലക വൃന്ദത്തിന് മാത്രമാണ്. ആറു മാസത്തെ സസ്പെന്‍ഷനിലൂടെ സക്കീര്‍ സഖാവ് കൂടുതല്‍ മര്യാദക്കാരനായെന്ന് ബോധ്യമാകേണ്ടവര്ക്ക് ബോധ്യമായിട്ടുണ്ട്.
പാര്‍ട്ടിയുടെ ഭാവി സക്കീര്ഹുസൈന്മാരുടെ കൈകളിലാണെന്ന് വിജയരാഘവന് സാറിനും നന്നായറിയാം…. സ്വന്തം ഭാവിയാണല്ലൊ ഏതൊരു സഖാവിനെയും പോലെ ഇപ്പോള്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും കൊമ്പത്തിരുത്തിയ വിജയരാഘവനും പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: