നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കേരളത്തില്‍ ഏറ്റവുമധികം രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുന്നത് യുഡിഎഫും കോണ്‍ഗ്രസുമാണ്. കോണ്‍ഗ്രസ് – മുസ്ലിം ലീഗ് നേതാക്കള്‍ മാത്രമല്ല ആര്‍എസ്പി പോലുള്ള ചെറു കക്ഷികളും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസുകാരേക്കാള്‍ ആശങ്കയിലായത് മുസ്ലിം ലീഗാണ്. ഇനിയും അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടാല്‍ രാഷ്ട്രീയ ഭാവി തന്നെ പ്രതിസന്ധിയിലാവുമെന്ന് തിരിച്ചറിയുന്ന അവര്‍ എന്തും ചെയ്യാന്‍ തയ്യാറാവും. ഗ്രുപ്പിസത്തില്‍ പെട്ടുഴലുന്ന കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിര്‍ത്തിക്കൊണ്ട് ചില നീക്കങ്ങള്‍ നടത്താന്‍ ലീഗ് തയ്യാറാവുകയാണ്.
ആരാവണം ഇനി കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നു പോലും മുസ്ലിം ലീഗ് തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. രക്ഷകനായി പലരും കാണുന്ന ഉമ്മന്‍ ചാണ്ടിക്ക്, ഈ അവസ്ഥയില്‍ എന്തെങ്കിലും ചെയ്യാനാവുമോ?. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ നമ്മുടെയൊക്കെ മുന്നിലുണ്ടായിരുന്ന യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല ആയിരുന്നു. പ്രതിപക്ഷ നേതാവ് എന്ന ചുമതലയോട് അദ്ദേഹം നീതി പുലര്‍ത്തി എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
എന്നാല്‍ അടുത്തകാലത്ത്, പ്രത്യേകിച്ചു സ്വര്‍ണ്ണക്കടത്ത് പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന ശേഷം, അദ്ദേഹം കുറെയൊക്കെ ആര്‍ജ്ജവത്തോടെ നീങ്ങാന്‍ ശ്രമിച്ചു. അതൊക്കെ കേരള സമൂഹത്തില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കി എന്നത് ഗവേഷണം ചെയ്യണ്ട കാര്യമത്രെ. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന് ചുമതലയേറ്റശേഷം ഇവിടെ ഉണ്ടാക്കിയ ചലനങ്ങള്‍ ചെന്നിത്തലക്ക് സൃഷ്ടിക്കാനായിട്ടില്ല. സുരേന്ദ്രന് പറയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞ് ആവര്‍ത്തിക്കുന്ന പ്രതിപക്ഷനേതാവായി അദ്ദേഹം മാറി.
അതുകൊണ്ടുതന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ചെന്നിത്തലക്ക് കാര്യങ്ങള്‍ വിഷമകരമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകാനാവില്ല എന്നാണല്ലോ മുസ്ലിം ലീഗും ആര്‍എസ്പിയുമടക്കം പറഞ്ഞത്. പിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ചെന്നിത്തലയോളം പരുക്ക് പറ്റിയുമില്ല. ഇവിടെയാണ് ബുദ്ധിപൂര്‍വം ചിലര്‍ നേതൃത്വ പ്രതിസന്ധി ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഉമ്മന്‍ ചാണ്ടി നേതൃനിരയിലെത്തണം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണം. അതിലൂടെയേ കോണ്‍ഗ്രസും യുഡിഎഫും രക്ഷപ്പെടൂ… അതിന്റെ ആത്യന്തിക ഫലം രമേശ് ചെന്നിത്തലയുടെ സ്വപ്നങ്ങള്‍ ആവിയായി എന്നതാണ്.
ചാണ്ടിയുടെ ‘പാരമ്പര്യം’
രമേശ് ചെന്നിത്തലയാണോ ഉമ്മന്‍ ചാണ്ടിയാണോ യുഡിഎഫിനെ നയിക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസും യുഡിഎഫുമാണ്. പലരും പ്രതീക്ഷിക്കുന്നത് പോലെ, കര്ട്ടന് പിന്നില്‍ നിന്ന് കടിഞ്ഞാണ്‍ പിടിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയുടെ നേതൃത്വം പിടിച്ചടക്കാന്‍ പോലും ശ്രമിച്ചു കൂടായ്കയുമില്ല. അതിലേക്ക് പിന്നീട് വരാം. ഒരു നേതാവ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കണം എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ആരും പരിശോധിക്കുമല്ലോ.
ഉമ്മന്‍ ചാണ്ടിയുടെ ട്രാക്ക് റെക്കോര്‍ഡ് എന്താണ്? ശരിയാണ്, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ക്ക് പോലും അഭിപ്രായ ഭിന്നതയില്ല. കെ.എം. മാണിക്ക് ശേഷം, ഇത്രമാത്രം പാര്‍ലമെന്ററി അനുഭവമുള്ള ഒരാള്‍ കേരളാ നിയമസഭയില്‍ ഇല്ലതാനും.
രണ്ടുവട്ടം കേരളത്തില്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. 1970 മുതല്‍ ഇതുവരെ ഒരേ മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി നിയമസഭയിലെത്തിയ നേതാവ്. കുറച്ചുനാളായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നു തോന്നുന്നു. ആരോഗ്യപ്രശ്നങ്ങള്‍ വല്ലാതെ അലട്ടുന്നുണ്ട്.
അതിനെക്കുറിച്ച് അദ്ദേഹം ബോധവാനുമാണ്. മകനുവേണ്ടി മണ്ഡലം ഒഴിയുമെന്നുവരെ പറഞ്ഞുകേട്ടിരുന്നു. അതിനിടയിലും ഉമ്മന്‍ ചാണ്ടി അടങ്ങിയിരിക്കുന്നു എന്നര്‍ത്ഥമില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ ജില്ലയിലും അദ്ദേഹമെത്തിയിരുന്നു.
പക്ഷെ, അതുകൊണ്ടായോ? മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലക്ക് നീതി പുലര്‍ത്താനാവുമോ എന്നകാര്യത്തില്‍ അന്തിമതീര്‍പ്പ് ഉണ്ടാവേണ്ടത് അദ്ദേഹത്തില്‍ നിന്ന് തന്നെയാണ്. അതൊക്കെ ശരിയെങ്കില്‍പ്പോലും ഉമ്മന്‍ ചാണ്ടിക്ക് ഈ മുന്നണിയെ വിജയിപ്പിക്കാനാവുമോ? ഒന്നാമത് യുഡിഎഫ് വല്ലാത്ത പ്രതിസന്ധിയില്‍. പിന്നെ, ഉമ്മന്‍ ചാണ്ടിയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുന്ന ഒരാള്‍ക്കും ആ പ്രതീക്ഷ നല്‍കില്ല. 2004 മുതല്‍ രണ്ടു വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 2004ലെ ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെത്തുടര്‍ന്ന് എ.കെ. ആന്റണി മുഖ്യമന്ത്രി പദമൊഴിഞ്ഞപ്പോള് പകരക്കാരനായത് ഉമ്മന്‍ ചാണ്ടിയാണ്. 2006ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിച്ചതും അദ്ദേഹമാണ്. എന്തായിരുന്നു ഫലം? 98 സീറ്റുകളുമായാണ് അന്ന് വിഎസ് അച്യുതാനനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത്. യുഡിഎഫിന് അന്ന് കിട്ടിയത് വെറും 42 സീറ്റ്. അതില്‍ കോണ്‍ഗ്രസുകാര്‍ 24. മുസ്ലിം ലീഗിനും അത് മറക്കാനാവാത്ത തിരഞ്ഞെടുപ്പാണ്. വെറും ഏഴ് പേരെയാണവര്‍ക്ക് ജയിപ്പിക്കാനായത്. മുന്നണി നേതാവെന്ന നിലക്ക് അഥവാ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍, ഉമ്മന്‍ ചാണ്ടിയുടെ ആദ്യ ‘പെര്‍ഫോമന്‍സ് ‘ ഇതാണ്.
പിന്നെ അദ്ദേഹം പ്രതിപക്ഷ നേതാവായി; 2006- 2011 കാലത്ത്. 2011- ല്‍ മുന്നണിയെ നയിച്ചത് ചാണ്ടി തന്നെ. അന്ന് യുഡിഎഫ് ജയിച്ചു. പക്ഷെ, നേരിയ ഭൂരിപക്ഷത്തില്‍ കടന്നു കൂടുകയായിരുന്നു.
72 എംഎല്‍എമാരാണ് അവര്‍ക്കൊപ്പമുണ്ടായിരുന്നത്. പ്രതിപക്ഷത്ത് 68 പേരും. അന്നാണ് നെയ്യാറ്റിന്‍കരയിലെ എംഎല്‍എയെ കൂറുമാറ്റി കൂടെകൊണ്ടുവന്നതും മറ്റും. ഇത്ര നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫിന് എന്നല്ല കേരളത്തിലെ ഒരു മുന്നണിക്കും വിജയിക്കേണ്ടിവന്നിട്ടില്ല. 2016ല്‍ മുഖ്യമന്ത്രി എന്ന നിലക്ക് കോണ്‍ഗ്രസ് മുന്നണിയെ നയിച്ചത് ഉമ്മന്‍ ചാണ്ടിയാണല്ലോ.
വീണ്ടും ദയനീയ തോല്‍വിയല്ലേ അഭിമുഖീകരിച്ചത്? 91 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 47. ബിജെപിക്ക് ആദ്യമായി നിയമസഭയിലെത്താനും സാധിച്ചു. ഇതൊക്കെ പറഞ്ഞത്, ഉമ്മന്‍ ചാണ്ടി ഒരു ഷുവര്‍ ബെറ്റ് അല്ല എന്ന തോന്നല്‍ പങ്കുവയ്ക്കാനാണ്.
ചെന്നിത്തലക്ക് ആകെയുള്ള ഗുണം ഇതുവരെ മുന്നണിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിച്ചിട്ടില്ല എന്നതാണ്. എന്നിട്ടും മുന്നണിയിലെ ഒരു ഘടകകക്ഷിക്കും അദ്ദേഹത്തെ വേണ്ട. രൂക്ഷമായ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യുഡിഎഫിനാവുമോ? രാഷ്ട്രീയ കേരളം ചിന്തിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: