ദിലേര്ഖാന് വീണ്ടും വീണ്ടും പീരങ്കികള്‍ കൊണ്ട് പുരന്ദര്‍ കോട്ടയെ പ്രഹരിച്ചുകൊണ്ടിരിക്കയായിരുന്നു. എല്ലാ പ്രഹരങ്ങളെയും ഏറ്റുവാങ്ങിക്കൊണ്ട് അജയ്യമായി കോട്ട നിലകൊണ്ടു. ഈ ഭീകര ആക്രമണത്തെ ചെറുത്തുനിന്ന കോട്ടയുടെ പ്രമുഖനായ മുരാരിബാജി ദേശ്പാണ്ഡെ ശൗര്യത്തിന്റെയും സാഹസത്തിന്റെയും മൂര്‍ത്തരൂപമായിരുന്നു. മഹാരാഷ്ട്രയിലെ ലോകപ്രിയ ഗീതങ്ങള്‍ക്ക് പ്രേരണയായിരുന്നത് മുരാരിബാജി ദേശ്പാണ്ഡെയുടെ വീരഗാഥയാണ്. ജാവളിയെ വനത്തില്‍നിന്ന് ശിവാജിക്ക് ലഭിച്ച അമൂല്യമായ രത്നമായിരുന്നു മുരാരിബാജി ദേശ്പാണ്ഡെ. പരാക്രമത്തില്‍ പാര്‍ത്ഥന്റെ പ്രതിരൂപമായിരുന്നു.
മുരാരിബാജിയുടെ ആജ്ഞാനുസാരം കോട്ടയില്‍നിന്ന് യുദ്ധം ചെയ്തുകൊണ്ടിരുന്നത് സമാജത്തില്‍ അന്ത്യജരെന്ന് കല്‍പ്പിച്ച് തൊട്ടുകൂടാത്തവരായി പരിഗണിച്ചിരുന്നവരാണ്. ശിവാജിയുടെ സ്വരാജ്യ നിര്‍മാണ പ്രവര്‍ത്തനത്തിന് പ്രാണാര്‍പ്പണം ചെയ്യാന്‍ തയ്യാറായിരുന്നവര്‍, ഏതൊരു സമാജമാണൊ അസ്പൃശ്യരായി ഇവരെ അകറ്റി നിര്‍ത്തിയിരുന്നത്, ആ സമാജത്തിന്റെ രക്ഷക്കായി രക്തം ചിന്താന്‍ സന്നദ്ധരായി നില്‍ക്കുകയായിരുന്നു.
പുരന്ദര്കോട്ടയുടെ രക്ഷാപ്രവര്‍ത്തനം അടുത്തു സ്ഥിതി ചെയ്യുന്ന വജ്രദുര്ഗത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് മനസ്സിലാക്കിയ ദിലേര്ഖാന് പെട്ടെന്ന് സര്‍വ്വ ശക്തിയുമുപയോഗിച്ച് വജ്രദുര്ഗം ആക്രമിച്ചു. രണ്ടുപക്ഷത്തുനിന്നും സൈനികര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. അവസാനം ഖാന് തന്റെ ഭീമാകാരമായ പീരങ്കി ഉപയോഗിച്ച് വജ്രദുര്ഗം കീഴടക്കി. കോട്ടയില്‍ ബന്ധനസ്ഥരായ സൈനികരെ മുഗള പദ്ധതിയനുസരിച്ച് യമപുരിയക്കയക്കുകയാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായി ജയസിംഹന് ബന്ധനസ്ഥരായ സൈനികരെ ആദരപൂര്‍വം മോചിപ്പിച്ചു. ഈ ആശ്ചര്യം എങ്ങനെ സംഭവിച്ചു? ഈ കരുണ എവിടുന്നുവന്നു? കുടില രാജനീതിജ്ഞനായ ജയസിംഹന് പുരന്ദര്‍ കോട്ടയിലെ മറാഠി സൈനികര്‍ കീഴടങ്ങട്ടെ എന്ന ഉദ്ദേശ്യത്തോടെ വിരിച്ച വലയായിരുന്നു അത്.
ജയസിംഹനാല് ബന്ധിക്കപ്പെട്ടാലും കീഴടങ്ങിയാലും മരണം നിശ്ചയമാണെങ്കില്‍ പിന്നെ കീഴടങ്ങുന്നതെന്തിന് പൊരുതി മരിക്കാം എന്ന് കോട്ടയ്ക്കകത്തുള്ള സൈനികര്‍ നിശ്ചയിക്കും. ഒരിക്കലും കീഴടങ്ങാന്‍ തയ്യാറാവില്ല. വജ്രദുര്ഗത്തില് കീഴടങ്ങി ബന്ധനസ്ഥരായവരെ മോചിപ്പിച്ചതറിഞ്ഞ് പുരന്ദര്‍ കോട്ടയും കീഴടങ്ങാന്‍ തയ്യാറാവും എന്നതായിരുന്നു ജയസിംഹന്റെ കുതന്ത്രം. എന്നാല്‍ സ്വരാജ്യത്തിന്റെ സൈനികര്‍ പ്രാണരക്ഷാര്ത്ഥമല്ല യുദ്ധം ചെയ്യുന്നത് എന്ന് യുദ്ധവിശാരദനായ ആ വൃദ്ധന് മനസ്സിലാക്കാന്‍ സാധിച്ചില്ല. എങ്ങനെ മനസ്സിലാക്കാനാണ്? ജീവിതകാലം മുഴുവനും മുഗള്ബാദശാഹയ്ക്കുവേണ്ടി സേവനനിരതനായ ഒരാള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശക്തി മനസ്സിലാക്കാന്‍ എങ്ങനെ സാധിക്കും?
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: