ന്യുദല്‍ഹി: അധികാരമൊഴിയുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി വിലക്കിയതോടെ ട്വീറ്ററില്‍ ഏറ്റവുമധികം പേര് പിന്തുടരുന്ന സജീവ രാഷ്ട്രീയനേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാപിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ഇന്നലെ ട്വിറ്റര്‍ വിലക്കിയത്. 64.7 ദശലക്ഷം ഫോളോവര്‍മാരാണ് നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്. 88.7 ദശലക്ഷമായിരുന്നു വിലക്കിന് മുന്‍പ് ട്രംപിനുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള രാഷ്ട്രീയ നേതാവ് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ്.
127.9 ദശലക്ഷമാണ് ഇദ്ദേഹത്തിനുള്ളത്. യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന് ഫോളോവര്‍മാരായി 23.3 ദശലക്ഷം ആളുകളുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 24.2 ദശലക്ഷവും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനിത് 21.2 ദശലക്ഷമാണ്. യുഎസ് തെരഞ്ഞെടുപ്പുകാലം മുതല്‍ ഡൊണാള്‍ഡ് ട്രംപും ട്വിറ്ററും തമ്മില്‍ നിരന്തരമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
കുടൂതല്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് @realDonaldTrump എന്ന അക്കൗണ്ടിനാണ് ട്വിറ്റര്‍ താഴിട്ടത്. @POTUS എന്ന യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ആദ്യവിലക്ക് നീക്കിയശേഷം ട്രംപ് കുറിച്ച ട്വീറ്റ് ഒഴിവാക്കിയിട്ടുണ്ട്. ഈ അക്കൗണ്ട് 20ന് ജോ ബൈഡന് കൈമാറും. ട്രംപ് വിഭാഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച അക്കൗണ്ടും(@TeamTrump) സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: