ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ)യുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഭൂപടത്തില്‍ ജമ്മു കാശ്മീരിനെയും ലഡാക്കിനെയും കാണിച്ചിരിക്കുന്നത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്ന നിറത്തില്‍നിന്ന് വ്യത്യസ്ത നിറങ്ങളില്‍. ഇതോടെ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ചാരനിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ബാക്കിയുള്ള ഭാഗങ്ങള്‍ക്ക് നേവി നീലയും നല്‍കിയിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശമായ അക്സായി ചിനിനെ ചാരനിറത്തില്‍ നീലവരകളിട്ടാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭൂപടത്തില്‍ ചൈനയ്ക്ക് നല്‍കിയിരിക്കുന്ന നിറവുമായി വരകള്‍ക്ക് സാമ്യം തോന്നും. കോവിഡിന്റെ സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കാന്‍ ഡബ്ല്യൂഎച്ച്ഒ നല്കിയിട്ടുള്ളതാണ് ഭൂപടം.
എന്നാല്‍ ഐക്യാരാഷ്ട്ര സംഘടനയുടെ മാര്‍ഗരേഖകളും കീഴ്വഴക്കവും അടിസ്ഥാനമാക്കിയാണ് ഭൂപടമെന്ന് ഡബ്ല്യൂഎച്ച്ഒ പ്രതികരിച്ചു. വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച ഭൂപടം ലണ്ടനിലുള്ള ഐടി കണ്സള്ട്ടിന്റാണ് ആദ്യം ശ്രദ്ധിക്കുന്നത്. ജമ്മു കാശ്മീരിനും ലഡാക്കിനും വ്യത്യസ്ത നിറങ്ങള്‍ നല്‍കിയിരിക്കുന്നത് കണ്ട് ഞെട്ടിയെന്നും ഡബ്ല്യൂഎച്ച്ഒയ്ക്ക് ഒരുപാട് സാമ്പത്തിക സഹായങ്ങള്‍ നല്കുന്ന ചൈനയായിരിക്കാം പിന്നിലെന്നും ഐടി കണ്‍സള്‍ട്ടന്റായ പങ്കജ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: