തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ അവസരമാക്കി ഉപയോഗപ്പെടുത്തുന്നതിനൊപ്പം കോവിഡ് സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുക വെല്ലുവിളിയായി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ദുരിതങ്ങള്‍ ഉണ്ടായ കാലത്ത് മലിനീകരണം കുറഞ്ഞതും, റോഡ് ഗതാഗതം കുറഞ്ഞതും, പ്രകൃതിക്കും പരിസ്ഥിതിക്കും പുനരുജ്ജീവനം നല്കി. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ബാധിക്കാത്ത വിധം ഈ ഗുണപരമായ മാറ്റം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ വരും തലമുറക്ക് കൂടുതല്‍ പ്രയോജനപ്രദമാകും. കോവിഡ് അനന്തര ആരോഗ്യ, സാമ്പത്തിക , സാമൂഹിക മേഖലകളെ അഭിമുഖീകരിക്കലും അന്താരാഷ്ട്ര ബന്ധങ്ങളും – എന്ന വിഷയത്തെ അധികരിച്ച് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഭാഗമായുള്ള പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മിക്ക രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളെ കോവിഡ് സാരമായി ബാധിച്ചപ്പോള്‍ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. ആത്മനിര്‍ഭര്‍ ഭാരത് ഈ ദിശയിലുള്ള ശ്രദ്ധേയമായ ചുവട് വയ്പ്പായിരുന്നു. 266 ഡോളറിന്റെ സാമ്പത്തിക പാക്കേജ് നടപ്പാക്കിയതും സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ്വ് പകര്‍ന്നു. ജീവന് രക്ഷാ ഉപകരണങ്ങള്‍ പോലും ആവശ്യത്തിനില്ലാത്ത അവസ്ഥയില്‍ നിന്ന് 150 രാജ്യങ്ങളിലേക്ക് അവശ്യമരുന്നുകളും ജീവന് രക്ഷാ ഉപകരണങ്ങളും കയറ്റി അയച്ച് വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാട് സഫലീകരിക്കാന്‍ ഭാരതത്തിനായെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വാക്സിന് വികസിപ്പിക്കാന്‍ ആഗോള തലത്തിലുള്ള കൂട്ടായ്മക്ക് 15 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്യുക വഴി ഈ രംഗത്തും നിര്‍ണായക പങ്കാളിത്വം രാജ്യം ഉറപ്പ് വരുത്തി. വന്ദേ ഭാരത് മിഷനിലൂടെ 3.2 ദശലക്ഷം ആളുകളെ തിരികെ എത്തിക്കാനായതും 120 രാജ്യങ്ങളിലെ പൗരന്മാരെ മടക്കി അയക്കാനായതും നേട്ടമായി.
പാവപ്പെട്ട ജനവിഭാഗങ്ങള്‍, കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവിതം കോവിഡിനെ തുടര്‍ന്ന് ദുഷ്കരമായിരിക്കുകയാണ്. ആ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ എല്ലാവര്ക്കും ഒപ്പം എല്ലാവര്ക്കും വികസനം എന്ന സര്‍ക്കാര്‍ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനാകൂ എന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: