കൊങ്കണത്തെ അധികാരത്തില്‍ നിര്‍ത്തണമെങ്കില്‍ നാവികസേനയും ജലദുര്ഗവും തുറമുഖവും ശക്തിപ്പെടുത്തണം. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പോര്‍ത്തുഗീസുകാരും ഇംഗ്ലീഷുകാരും വളരെ ദൂരത്ത് നിന്ന് വന്ന് ഇവിടെ വ്യാപാരം ചെയ്യുന്നതോടൊപ്പം ഭരണത്തിലും കൈകടത്താനാരംഭിച്ചിരുന്നു. ഇത് ശിവാജിയുടെ മുന്നില്‍ തന്നെ നടക്കുന്നുണ്ടായിരുന്നു. ഹിന്ദുസ്ഥാനത്ത് മുസ്ലിങ്ങള്‍ എത്ര അപകടകാരികളാണൊ അത്രയും തന്നെ ഈ വിദേശികളും അപകടകാരികളാണ്, ഇവരെ നിയന്ത്രിക്കാന്‍ നാവികസേനയല്ലാതെ വേറെ ഉപായങ്ങളില്ല. ജംജീരയിലെ സിദ്ദിയില്‍ നിന്നും കൊങ്കണത്തെ രക്ഷിക്കാന്‍ 1660 ല്‍ ശിവാജി സുവര്‍ണദുര്‍ഗ് എന്ന പേരില്‍ ഒരു കോട്ട നിര്‍മിച്ചിരുന്നു.
ഒരിക്കല്‍ ശിവാജി മാലവണ സമുദ്രതീരത്ത് കടലിലേക്ക് നോക്കിനില്‍ക്കയായിരുന്നു. വളരെ ദൂരത്തല്ലാതെ പടിഞ്ഞാറന്‍ കടല്‍ തീരത്ത് ഒരു ദ്വീപ് കണ്ടു. പെട്ടെന്ന് ഒരു തോണി വരുത്തി അതില്‍ കയറി ആ ദ്വീപിലെത്തി. സമുദ്രയാത്ര നിഷിദ്ധമായിരുന്ന കാലമായിരുന്നു അത്. ശിവാജിയുടെ പ്രഥമ സമുദ്രയാത്രയായിരുന്നു അത്.
1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുക്കള്‍ വലിയ കപ്പലുകള്‍ ഉണ്ടാക്കി ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ച് വ്യാപാരം ചെയ്യുകയും ഈ ഭൂമിയുടെ ഭവ്യസംസ്കൃതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പരമ്പര നിലച്ചുപോയി. സമുദ്രയാത്ര നിഷിദ്ധമായി അങ്ങനെയൊരു മിഥ്യാചാരം തുടങ്ങി. അഞ്ഞൂറ് വര്‍ഷത്തെ നിഷേധത്തെ ഭേദിച്ച് ശിവാജി സമുദ്ര യാത്ര ചെയ്തു. ഹിന്ദുവീരന്മാരുടെ പ്രയത്നം കൊണ്ട് സമുദ്രം കീഴടക്കി. ആ ദ്വീപില്‍ ഒരു കോട്ട പണിതു. 1664 ല്‍ പണിത അതിന് സിന്ധുദുര്‍ഗം എന്നു പേരിട്ടു.
പടിഞ്ഞാറന്‍ സമുദ്രത്തിന്റെ പേര് സിന്ധുസാഗരം എന്നായതിനാലാണ്, അവിടെ നിര്‍മിച്ച കോട്ടയ്ക്ക് സിന്ധുദുര്‍ഗം എന്നു പേരിട്ടത്. അര്‍ത്ഥപൂര്‍ണമായ പേര്. സ്വാഭിമാനികളല്ലാത്തവര് ഇതിനെ അറേബ്യന്‍ കടല്‍ എന്നാണ് വിളിക്കുന്നത്. നാനൂറ് വര്‍ഷം മുന്‍പ് സ്വാഭിമാനിയായ രാഷ്ട്രദ്രഷ്ടാ ശിവാജി കോട്ടയ്ക്ക് പേരിടുമ്പോള്‍ സമഗ്രമായ രാഷ്ട്രം അദ്ദേഹത്തിന്റെ ദൃഷ്ടിയിലുണ്ടായിരുന്നു.
ശിവാജിയുടെ പ്രതിഭയുടെയും പ്രതാപത്തിന്റെയും പ്രതീകമായി ഇന്നും സിന്ധുസാഗരത്തില്‍ സിന്ധുദുര്‍ഗം നിലകൊള്ളുന്നു. ഇതിന്റെ നിര്‍മാണത്തില്‍ സൂറത്തില്‍നിന്നു ലഭിച്ച ധനം ഉപകരിച്ചു. ഇത്തരത്തിലുള്ള സാഹസിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ശിവാജി അജയ്യനാണെന്ന ബോധം എല്ലാ ഭാഗത്തും എല്ലാവരിലും ഉണ്ടായിത്തുടങ്ങി. ശത്രുക്കളില്‍ വലിയ ഭയം ജനിപ്പിച്ചു. പാശ്ചാത്യ അധികാരികള്‍ നടത്തിയ കത്തിടപാടുകളില്‍ നിന്നും ഈ കാര്യം ബോധ്യപ്പെടും. ഇങ്ങനെ സ്വരാജ്യത്തിന്റെ ഭാഗ്യസൂര്യന്‍ ഉദിച്ചുയരുകയായിരുന്നു.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: