വസായ് റോഡ്: ചരക്ക് തീവണ്ടി ഓടിക്കാന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വനിതകളുടെ സംഘം. വെസ്റ്റേണ്‍ റെയില്‍വേയാണ് മൂന്നംഗ വനിതാസംഘത്തിന് പൂര്‍ണ്ണ ചുമതല നല്കി സ്ത്രീമുന്നേറ്റത്തിന് മാതൃകയായത്. മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്നും ഗുജറാത്തിലെ വദോദരയ്ക്ക് പോകുന്ന ഗുഡ്സ് ട്രെയിനാണ് വനിതാസംഘം നയിക്കുക.ചരക്ക് തീവണ്ടിയോടിക്കല് പുരുഷന്മാരുടെ മാത്രം ജോലിയാണെന്ന പരംപരാഗത ധാരണയാണ് ഇതോടെ തിരുത്തിയെഴുതപ്പെടുന്നത്.
‘ജനവരി അഞ്ചിന് വസായ് റോഡ്-വദോദര റൂട്ടില്‍ പുറപ്പെട്ട ഗുഡ്സ് ട്രെയിന്‍ ഓടിക്കുന്നത് വനിതകളുടെ സംഘമാണ്. വനിതകള്‍ക്ക് കഴിയാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം,’ വെസ്റ്റേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. ഈ സംരംഭത്തെ പുകഴ്ത്തിക്കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും ട്വിറ്ററില്‍ കുറിപ്പിട്ടു.
ഈ വനിതാസംഘത്തിന്റെ തലപ്പത്ത് എംബിഎക്കാരി ആകാംക്ഷ റായി ആണ്. അവരാണ് ഗുഡ്സ് ഗാര്‍ഡ്. ഇവര്‍ 2019ലാണ് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള സെന്‍ട്രല്‍ ഡിവിഷനില്‍ ചേര്‍ന്നത്. കുങ്കും ദോംഗ്രെയാണ് ലോകോ പൈലറ്റ്. അസിസ്റ്റന്റ് ലോകോ പൈലറ്റായി 2013ലാണ് ഇവര്‍ റെയില്‍വേയില്‍ ചേര്‍ന്നത്. ഈ ഗുഡ്സ് ട്രെയിനില്‍ കുങ്കും ദോംഗ്രെയെ സഹായിക്കുന്ന അസിസ്റ്റന്റ് ലോകോ പൈലറ്റ് ഉദിത വര്‍മ്മയാണ്. 2016ല്‍ റെയില്‍വേയില്‍ ചേര്‍ന്ന ഉദിത വര്‍മ്മ 2019ലാണ് സീനിയര്‍ അസിസ്റ്റന്റായത്. റെയില്‍വേയുടെ ചരിത്രത്തിലാദ്യമായാണ് വനിതകള്‍ മാത്രമടങ്ങിയ സംഘം ഒരു ഗുഡ്സ് ട്രെയിന്‍ നിയന്ത്രിക്കുന്നത്. ഈയിടെ പ്രീതി കുമാര്‍ എന്ന വനിത മൂംബൈ സബര്‍ബന്‍ ലോക്കല്‍ ട്രെയിന്‍ ഓടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചരക്ക് തീവണ്ടി ഓടിക്കല്‍ പുരുഷന്മാരുടെ മാത്രം ജോലിയാണെന്ന ധാരണയാണ് ഇതതോടെ പൊളിയുന്നത്. സമൂഹത്തിലെ പുരുഷമേധാവിത്വ മനോഗതിയ്ക്ക് മറ്റൊരു തിരിച്ചടി നല്‍കുകയാണ് വെസ്റ്റേണ്‍ റെയില്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: