സാമാന്യ ജനങ്ങള്‍ക്ക് ഏറ്റവുമധികം സംശയമുള്ള കാര്യമാണ് വീട്ടില്‍ പഠനമുറിയുടെ സ്ഥാനം എവിടെ എന്നത്. വാസ്തു ശാസ്ത്രം എല്ലാത്തരം മുറികള്‍ക്കും സ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുള്ള പ്രത്യേക പ്രാധാന്യം പഠനമുറിയുടെ കാര്യത്തിലുമുണ്ട്. വിനോദം, വിഹാരം, ക്രീഡ, സംഗീതം, വാദ്യം, നാട്യം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകം സ്ഥാനം കല്‍പ്പിച്ചിരിക്കുന്നതു പോലെ വിദ്യാഭ്യാസത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃത്യമായ സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
പഠന മുറി, അല്ലെങ്കില്‍ പഠനത്തിനുള്ള ഇടം ഏറ്റവും മികച്ചത് വീടിന്റെ വടക്ക് കിഴക്ക് ഭാഗവും തെക്ക് പടിഞ്ഞാറ് ഭാഗവും ആണ്. മൂലകളില്‍ വരാത്ത വിധം പദകല്പനയില്‍ നിരൃതിവരുണ പദങ്ങളുടെ മധ്യത്തിലും ഈശ ഇന്ദ്ര പദമധ്യത്തിലും, വായു സോമ പാദമധ്യത്തിലും, രാശി ചക്ര വ്യവസ്ഥയില്‍ പറയുകയാണെങ്കില്‍ തുലാം രാശിയും, മകരം, മേടം രാശിയുമാണ് പഠനത്തിനായി ഏറ്റവും ഉചിതം. ഗൃഹത്തിന് വെളിയില്‍ സാമൂഹികമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക്, പള്ളിക്കൂടം, പഠന പിന്തുണാകേന്ദ്രങ്ങള്‍ എന്നിവയ്‌ക്കു ഏറ്റവും യോജിച്ച ഇടം ഇത്തരത്തില്‍ പുരയിടത്തിന്റെ മേടം, തുലാം, മകരം രാശികളാണ്.
പഠനാവസരങ്ങളില്‍ വിദ്യാര്‍ഥി എപ്പോഴും കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി ഇരിക്കണമെന്നതും നിര്‍ബന്ധമാണ്. വാതിലിനോ, ജനലിനോ, ശുചിമുറികള്‍ക്കോ അഭിമുഖമായോ, ഉത്തരം, ബീം എന്നിവയ്‌ക്ക് കീഴിലായോ ഒരിക്കലും ഇരിക്കരുത്. ഗൃഹങ്ങളില്‍ പഠനമുറി പ്രത്യേകം നിര്‍മ്മിച്ചിട്ടില്ലെങ്കിലും വീട്ടിലുള്ള മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലുള്ള മുറികളെ അതിനായി ഉപയോഗിക്കാം. മുറികളില്‍ പഠന മേശ വടക്കു കിഴക്ക് ഭാഗത്തോട്ട് ചേര്‍ത്ത് ഇടുകയാണുചിതം.
പഠന മുറിക്ക് വാസ്തുപരമായി യോജിച്ച അളവിലുള്ള റൂം ആണ് ഉപയോഗിക്കേണ്ടത്. സാധാരണ പഠന മുറികള്‍ക്ക് 15 കോല്‍, 16കോല്‍ 8 വിരല്‍ എന്നീ അളവുകള്‍ സ്വീകരിക്കാവുന്നതാണ്. വേണ്ടത്ര പ്രകാശവും വായുവും പ്രവേശിക്കുന്ന വിധത്തിലായിരിക്കണം പഠനമുറി വേണ്ടത്. വീട്ടിലെ പൊതു ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞു ശാന്തമായതും എന്നാല്‍ മാതാപിതാക്കളുടെ ശ്രദ്ധ ചെല്ലുന്നതുമായ ഇടങ്ങള്‍ ആണ് ഉചിതം.
പഠനമുറിയുടെ നിറത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. വെളുത്ത നിറമാണ് ഏറ്റവും ഉചിതം. വെളുത്ത നിറം ഇഷ്ടമില്ലാത്തവര്‍ക്ക് മാത്രം മറ്റു ഇളം നിറങ്ങള്‍ നല്‍കാവുന്നതാണ്. എന്നാല്‍ വ്യത്യസ്ത നിറങ്ങള്‍, കടും നിറങ്ങള്‍ എന്നിവ ഒഴിവാക്കുകയാണ് ഉചിതം. പഠനമുറിയില്‍ അധികം ഫര്‍ണിച്ചറുകള്‍, ചിട്ടയില്ലാത്തതും അനാവശ്യമായതുമായ വസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. മനസ്സിനെ പെട്ടെന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്തുക്കളും പഠനമുറിയില്‍ ആവശ്യമില്ലാത്തതാകുന്നു. പഠന മുറിയില്‍ കണ്ണാടി സ്ഥാപിക്കുന്നതും നന്നല്ല.
പഠന മുറിയില്‍ കിഴക്ക് ഭാഗത്തായി സരസ്വതീ ദേവിയുടെ ചിത്രം സ്ഥാപിക്കാവുന്നതാണ്. എന്നാല്‍ ഒരുപാട് ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുകയുമരുത്. വികൃതമായതോ, ഭീതി, കാമം, മറ്റു ചിന്തകള്‍ ഉണ്ടാക്കുന്നതോ ആയ ചിത്രങ്ങള്‍ പഠനമുറിയില്‍ പ്രദര്‍ശിപ്പിക്കരുത്. പഠനത്തിന് ഉത്തേജകം പകരുന്ന ഗുരുക്കന്മാരുടെയോ, വിശിഷ്ട വ്യക്തികളുടെയോ ചിത്രങ്ങള്‍ അല്ലെങ്കില്‍ പഠനാവശ്യത്തിനുപയോഗിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെ പതിപ്പിക്കാവുന്നതാണ്.
ഡോ. രാധാകൃഷ്ണന്‍ ശിവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: