ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം 16ന് ആദ്യഘട്ട കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണം സംബന്ധിച്ച തീയതിയും പുറത്തുവന്നിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ആരോഗ്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ ഇതിനകം രണ്ടു തവണ ഡ്രൈ റണ്‍ നടത്തിയിട്ടുണ്ട്.. വാക്‌സിന്‍ വിതരണത്തിന് മുന്‍പായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ മാസം 11ന് ചര്‍ച്ച നടത്തുമെന്നാണ് വിവരം.
ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മൂന്നുകോടിയോളം വരുന്ന കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് അദ്യം വാക്‌സിന്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: