വ്യാപാരത്തില്‍ മുഴുകിയിരുന്ന വ്യാപാരികള്‍ ഈ വാര്‍ത്തകേട്ട് ഇടിവെട്ടേറ്റതുപോലെയായി. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. എന്നാല്‍ സൂറത്ത് നഗരാധികാരി ഇനായതഖാന്‍ ഈ വാര്‍ത്ത കേട്ട് പൊട്ടിച്ചിരിച്ചു. എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്. ഇത്ര ദൂരെയുള്ള നമ്മുടെ ഈ പ്രദേശത്ത് എങ്ങനെ വരാനാണ്? ഇങ്ങനെയുള്ള വാര്‍ത്തകളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടല്ലൊ കഷ്ടം. വിഡ്ഢിത്തമെന്നല്ലാതെന്തു പറയാന്‍ എന്ന് ഇനായതഖാന്‍ ആശ്വസിച്ചു.
ഏറെ താമസിയാതെ യാഥാര്‍ത്ഥ്യം മനസ്സിലായി. സൂറത്ത് നഗരത്തിന്റെ രണ്ട് മൈല്‍ ദൂരത്ത് ശിവാജി സൈനികശിബിരം സ്ഥാപിച്ചിട്ടുണ്ട്. മുഴുവന്‍ നഗരത്തിലും വിശേഷിച്ച് വ്യാപാര കേന്ദ്രത്തില്‍ കരച്ചിലും ബഹളവുമായി. ധനികര്‍ നഗരം വിട്ടോടാന്‍ തുടങ്ങി. ഹാജി സയ്യദ് ബേഗ്, ബഹര്‍ജി ബൊഹറാ മുതലായവരുടെ സ്ഥിതി അവര്‍ണനീയമായിരുന്നു. ഇതറിഞ്ഞ ഇനായതഖാന്‍ ഒരു മുഗള്‍സര്‍ദാറിനെ മൊഹബതഖാനെ വിവരം അറിയിക്കാന്‍ അഹമ്മദാബാദിലേക്കയച്ചു. അകാരണമായി ജനങ്ങള്‍ ഭയക്കുന്നതിനെ ഇനായതഖാന്‍ പരിഹസിച്ചു. ഖാന്‍ ശിവാജിക്ക് സൂചന കൊടുക്കാന്‍ ദൂതനെ അയച്ചു. താങ്കള്‍ സൂറത്ത് നഗരത്തില്‍ വരരുത്. ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തരുത്. താങ്കള്‍ വന്ന വിവരം ബാദശാഹയറിഞ്ഞാല്‍ താങ്കളുടെ ദുര്‍ഗതിയായിരിക്കും. വാര്‍ത്ത കൊണ്ടുവന്ന ദൂതനെ പിടിച്ചു ജയിലിലടച്ചു. ശിവാജി വന്നത് യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ രണ്ട് ഡച്ച് ചാരന്മാര്‍ വന്നു. അവരെയും പിടിച്ച് തടവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഒന്നാലോചിച്ച ശേഷം അവരെ മോചിപ്പിച്ചു. അവരില്‍ ഒരാള്‍ രാജാപ്പൂരില്‍ വച്ച് ശിവാജിയെ കണ്ടിരുന്നു. ശിവാജി സ്വയം വന്നിട്ടുണ്ടെന്ന് എല്ലായിടവും പറഞ്ഞു.
ഇതുകേട്ടവരുടെ ഹൃദയം തകര്‍ന്നു. ഇംഗ്ലീഷുകാരും ഡച്ചുകാരും അവരുടെ വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പീരങ്കിയുമായി നിലയുറപ്പിച്ചു. കൈയില്‍ കിട്ടിയ ആയുധങ്ങളുമായി വ്യാപാരസ്ഥാപനങ്ങള്‍ രക്ഷിക്കാന്‍ തയ്യാറായി നിന്നു. ഇംഗ്ലീഷുകാരുടെ കൈയില്‍ ഇരുന്നൂറ് വെള്ളപ്പട്ടാളവും അന്‍പത് നാടന്‍ പട്ടാളക്കാരും ഉണ്ടായിരുന്നു.
ശിവാജിയുടെ സന്ദേശവുമായി ഒരു ദൂതന്‍ ഇനായതഖാന്റെ അടുത്തു ചെന്നു. സന്ദേശം ഇതായിരുന്നു. നാളെ ശിവാജി സൂറത്ത് നഗരത്തില്‍ വരും. താങ്കള്‍ പ്രമുഖ വ്യാപാരികളുമായി എന്നെ വന്നു കാണണം. താങ്കള്‍ തരേണ്ടതായ കരത്തിന്റെ വിഷയത്തില്‍ തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ നഗരം കൊള്ളയടിച്ച് തീയിടും. ഇതിന് നാം ഉത്തരവാദിയായിരിക്കില്ല. എന്നാല്‍ ഖാന്‍ ഇതിന് ഒരു മറുപടിയും കൊടുത്തില്ല, ദൂതന്‍ തിരിച്ചുവന്നു.
ശിവാജിയുമായുള്ള കൂടിക്കാഴ്ച എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നഗരവാസികളുടെ അടിവയറില്‍ വേദനയാരംഭിച്ചു. എന്നാല്‍ ഖാന്‍ പഴയപടി അഹങ്കാരത്തോടെ നിന്നു. അടുത്ത ദിവസം ഖാന്‍ ഒരു മറുപടിയയച്ചു. ഞങ്ങളെന്തിന് കരം തരണം? പകരം ശിക്ഷ തരും. എന്ത് ശിക്ഷയാണ് വേണ്ടതെന്ന് പറയൂ എന്നായിരുന്നു മറുപടി.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: