ന്യൂദല്‍ഹി : ലോകത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തന്നെ താറുമാറാക്കിയ കൊവിഡിനെ പോരാടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിന് ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണ്. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് ലോക സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്തു. പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളേയും തകര്‍ത്ത വൈറസിനെതിരെ ഒന്നല്ല രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനാണ് ഉള്ളത്. ഈ വാക്സിന് ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
പിപിഇ കിറ്റ്, മാസ്ക്, വെന്റിലേറ്റര്‍ മുതലായ ഉപകരണങ്ങള്‍ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. അഴിമതി തടയുന്നതിനായി ഇന്ത്യ ഇന്ന് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്താനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കി, ഒപ്പം അഴിമതി തടയാനും.
രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഇന്ന് ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനസ്സ് ‘മാ ഭാരതി’ കാരണം ബന്ധപ്പെട്ട് കിടക്കുന്നു. പോയവര്‍ഷം വിദേശത്ത് ഇന്ത്യന്‍ വംശജര്‍ വെല്ലുവിളിക്കെതിരെ നടത്തിയ ശ്രമങ്ങള്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഇതിന് പ്രവാസികളെ പ്രശംസിക്കുന്നതായും മോദി പറഞ്ഞു. പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ വികസ്വര രാജ്യത്തിനും നേതൃത്വം നല്‍കാമെന്ന് നമ്മള് കാണിച്ചു നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: