ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയ മലയാളി വിന്‍സെന്റ് സേവ്യര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.
വിന്‍സെന്റ് സേവ്യറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് സിംഗ് എന്നയാളാണ് പരാതി നല്‍കിയത്. യുഎപിഎ പ്രകാരം നടപടിയെടുക്കണമെന്നും ദേശീയ ബഹുമതി നിയമത്തെ അപമാനിക്കുന്നത് തടയുന്ന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ദല്‍ഹിയിലെ കല്‍ക്കാജി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വൈറ്റില ചമ്പക്കര സ്വദേശി വിന്‍സെന്റ് സേവ്യര്‍ എന്ന വിന്‍സെന്റ് പാലത്തിങ്കല്‍ ആയിരുന്നു ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയായ സംഭവത്തിലെ പ്രതി. ഇയാള്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റെ സുഹൃത്താണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യില്‍ കരുതും.ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമാണെന്നുംായിരുന്നു വിന്‍സെന്റിന്റെ പ്രതികരണം. ബിജെപിയുടെ ലോക്സഭാ എംപി വരുണ്‍ ഗാന്ധിയും ഈ വീഡിയോ ട്വീറ്റ് ചെയ്തു. ക്യാപിറ്റോള്‍ മന്ദിരത്തിന് പുറത്ത് ഇന്ത്യയുടെ പതാക കണ്ടതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. അവിടെ ഇന്ത്യന്‍ പതാക എന്തുകൊണ്ട് വന്നുവെന്ന് ചോദിച്ച വരുണ്‍ ഗാന്ധി നമ്മള് പങ്കെടുക്കാന്‍ പാടില്ലാത്ത ഒരു പോരാട്ടമാണിതെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു. തുടര്‍ന്ന് ഇതിനു മറുപടി നല്കിയ ശശി തൂരൂരുമായും വരുണ്‍ ഗാന്ധി ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: