കൊല്ലം: കോര്‍പ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്, അമൃത് സ്‌കീമില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്രോജക്ടിന്റെ ഭാഗമായുള്ള കെട്ടിടങ്ങളുടെ ജിഐഎസ് മാപ്പിങ് പുനരാരംഭിച്ചു. കെട്ടിട സര്‍വ്വെ ജോലികള്‍ കോവിഡ് കാരണം മന്ദഗതിയില്‍ ആകുകയും പിന്നീട് തെരഞ്ഞെടുപ്പോടെ താത്കാലികമായി നിര്‍ത്തിവയ്‌ക്കുകയും ചെയ്തിരുന്നതാണിത്.
സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയുള്ള ഡ്രോണ്‍ സര്‍വേ, റോഡും പൊതു ആസ്തികളും ഫോട്ടോയോട് കൂടിയ അടിസ്ഥാന വിവരങ്ങളും ശേഖരിച്ചുള്ള ജിപിഎസ് സര്‍വേ, ആവശ്യാനുസരണം സേര്‍ച്ച് ചെയ്തു കണ്ടെത്താന്‍ സാധിക്കുന്ന വെബ്‌പോര്‍ട്ടല്‍ എന്നിവ പൂര്‍ത്തീകരിക്കുകയും കെട്ടിടങ്ങളുടെ സര്‍വേ പകുതിയോളം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
കോര്‍പ്പറേഷന്‍ പരിധിയിലെ അടിസ്ഥാനസൗകര്യ വികസനം, ആസൂത്രണം, പദ്ധതിവിഭാവന നിര്‍വ്വഹണം, മാലിന്യസംസ്‌കരണം, ദുരന്ത ലഘൂകരണം, ആധുനികതയിലൂന്നിയ നഗരാസൂത്രണം എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയും വിധമാണ് ജിഐഎസ് മാപ്പിങ്.
വ്യക്തി വിവരങ്ങള്‍ തെളിയിക്കാനായി യാതൊരുവിധ രേഖയും ഈ മാപ്പിങ് സര്‍വ്വേയില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും എന്നാല്‍ റേഷന്‍കാര്‍ഡ്, കെട്ടിടനമ്പര്‍ എന്നിവയും സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആവശ്യമായ വിവരങ്ങളും നല്‍കണമെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: