ന്യൂദല്‍ഹി : കൊറോണ വാക്സിന് വിതരണത്തിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈറണ്‍ നടത്തി. 41 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 736 ജില്ലകളിലാണ് ഡ്രൈറണ്‍ നടത്തിയത്. എന്നാല്‍ ഹരിയാന ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല.
ഹരിയാന, യുപി, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്തിയിരുന്നതിനാലാണ് ഇത്തവണ ഒഴിവാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹര്ഷവര്ദ്ധന് തമിഴ്നാട്ടിലെത്തി ഡ്രൈ റണ്‍ വിലയിരുത്തി. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ തമിഴ്നാട് നല്ല പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും. ആര്‍ടിപിസിആര്‍ വഴിയാണ് സംസ്ഥാനത്ത് എല്ലാ പരിശോധനകളും നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തില്‍ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തി. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുത്തത്. എറണാകുളത്ത് അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി കിന്‍ഡര്‍ ആശുപത്രി ന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായാണ് ഡ്രൈറണ്‍ നടത്തിയത്. കോഴിക്കോട് ജില്ലയില്‍ ബീച്ച് ആശുപത്രി, തലക്കളത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം, പുതിയാപ്പ, പെരുമണ്ണ എന്നിവിടങ്ങളിലെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, മിംസ് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലായാണ് ഡ്രൈറണ്‍ നടത്തിയത്. രാവിലെ 9 മുതല്‍ 11 വരെ അതതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഡ്രൈ റണ്‍. ജില്ലയില്‍ 33,285 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന് നല്‍കുന്നത്. രജിസ്ട്രേഷന് നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക.
പത്തനംതിട്ട ജില്ലയില്‍ ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കളക്ടര്‍ നേരിട്ടെത്തി തയ്യാറെടുപ്പുകള്‍ പരിശോധിച്ചു അടൂര്‍ ജനറല്‍ ആശുപത്രി, ബിലീവേഴ്സ് ചര്‍ച് മെഡിക്കല്‍ കോളേജ് എന്നിവയാണ് ഡ്രൈ റണ്‍ നടക്കുന്ന ജില്ലയിലെ മറ്റു രണ്ടു കേന്ദ്രങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ വാക്സിന് വിതരണത്തിന്റെ തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഡ്രൈറണ്‍. വാക്സിന് വിതരണത്തിനുള്ള അവസാനഘട്ട മുന്നൊരുക്കം കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: