കൊച്ചി: ഗതാഗതക്കുരുക്കിന് പരിഹാരമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം. രാവിലെ 9.30നാണ് വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം 11ന്. രണ്ടു പാലങ്ങളുടെയും ഉദ്ഘാടനച്ചടങ്ങുകളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അധ്യക്ഷനാകും. മന്ത്രി ടി.എം. തോമസ് ഐസക്ക് മുഖ്യാതിഥിയായിരിക്കും.
2017 ഡിസംബര്‍ 11നാണ് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 720 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളുമുണ്ട്. ആറു വരി പാതയോടുകൂടിയ പാലത്തിന് മെട്രോ പാലവുമായി അഞ്ചര മീറ്റര്‍ ഉയരവ്യത്യാസവുമുണ്ട്. രണ്ട് അപ്രോച്ച് റോഡുകളും ബിഎംബിസി നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫ്ളൈഓവറിന് ഇരുവശത്തും ഓട്ടോമാറ്റിക് ലൈറ്റിങ്ങും ട്രാഫിക് സേഫ്റ്റി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളും ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച് ടൈല്‍ പാകിയിട്ടുണ്ട്. വൈറ്റില ഫ്ളൈഓവറിന്റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സര്‍വീസ് റോഡുകള്‍ പുതുതായി നിര്‍മിച്ചു. പൊന്നുരുന്നി ഭാഗത്ത് നിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്കായി സര്‍വീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിര്‍മിച്ചിട്ടുണ്ട്. ഫ്ളൈഓവറിന് താഴെ കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില ഹബ്ബ് എന്നീ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആലുവ ഭാഗത്തുനിന്നും മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സര്‍വീസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍ നിന്ന് ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സര്‍വീസ് റോഡ്. പൊന്നുരുന്നി ഭാഗത്ത് നിന്നും ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ഈ സര്‍വീസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിര്‍മിച്ചിട്ടുണ്ട്.
2018 മാര്‍ച്ച് 26ന് നിര്മാണ് ആരംഭിച്ച കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് 731 മീറ്റര്‍ നീളവും 6.5 മീറ്റര്‍ ഉയരവും 24.1 മീറ്റര്‍ വീതിയുമുണ്ട്. വില്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്ത് നിന്ന് ബിപിസിഎല്ലിലേക്ക് ഭീമന് മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ പോകുന്നതിന് 6.50 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുന്നതോടൊപ്പം ദേശീയപാതയിലൂടെയുള്ള സഞ്ചാരത്തിന് സിഗ്നല്‍ ആവശ്യമില്ലാതാവുകയും കൂടിയാണ്. മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കിയാണ് മുന്നോട്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: