കുന്നത്തൂര്‍: റോഡിന്റെ ഉയരം കുറയ്ക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ഇതോടെ മൈനാഗപ്പള്ളി പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും കുടിവെള്ള വിതരണം നിലച്ചു. ഇതിനിടയില്‍ പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും തമ്മില്‍ തര്‍ക്കമായതോടെ സമീപ സമയത്തൊന്നും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടക്കുന്ന കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡില്‍ മൈനാഗപ്പള്ളി കുറ്റിയില്‍ ചന്തമുക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി റോഡിന്റെ ഉയരം കുറയ്ക്കുന്നതിന്നുള്ള പണി നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി എതാനും ദിവസം മുമ്പ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഈ ഭാഗത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ വലിയ കുടിവെള്ള വിതരണപെപ്പ് പൊട്ടി.
ഇതോടെ പൊട്ടിയ ഭാഗത്ത് വച്ച് പൈപ്പ് അടക്കുകയും ജലവിതരണം മുടങ്ങുകയുമായിരുന്നു. ഇവിടെ അറ്റകുറ്റ പണി നടത്തേണ്ടതിന്റെ തുക പൊതുമരാമത്ത് വിഭാഗം അടക്കണമെന്നാണ് ജല അതോറിറ്റി പറയുന്നത്. വലിയ വ്യാസമുള്ള 110 മീറ്റര്‍ നീളുള്ള പൈപ്പ് കൊട്ടാരക്കര യാര്‍ഡില്‍ നിന്ന് ഇവിടെ എത്തിച്ച് പുനഃസ്ഥാപിക്കുന്നതിന് 4 ലക്ഷം രൂപ ചെലവ് വരും. ഇതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചാല്‍ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ ഇതിന്റെ എസ്റ്റിമേറ്റ് എടുത്ത് തുക അനുവദിച്ചു വരുന്നതിന് കാലതാമസം ഉണ്ടാകുമെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. പൈപ്പ് പൂട്ടിയതോടെ മൈനാഗപ്പള്ളിയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ കഴിഞ്ഞ ഏതാനും ദിവസമായി കുടിവെള്ള വിതരണം പുര്‍ണ്ണമായി നിലച്ചു.ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.പല വാര്‍ഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ തടഞ്ഞുവച്ച സംഭവങ്ങളും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: