കൊച്ചി: തീര സംരക്ഷണ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ചിട്ട് ഒരാണ്ട്. പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനും ഒരാണ്ട് തികയുന്നു. എന്നാല്‍, വീടുകള്‍ തകര്‍ന്നവര്‍ ഇപ്പോഴും നഷ്ടപരിഹാരം ഇല്ലാതെ നിയമക്കുരുക്കിലാണ്. ജനുവരി 10ന് ഇന്‍ഷുറന്‍സ് പരിരക്ഷയും കഴിയും. ഫ്‌ളാറ്റിനോട് ചേര്‍ന്ന് വീടുള്ളവരെ സര്‍ക്കാര്‍ വാടക നല്‍കി മാറ്റിത്താമസിക്കുമെന്ന് വിശ്വസിപ്പിച്ച് വാടകയ്‌ക്ക് താമസിപ്പിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല.
രണ്ടരലക്ഷം രൂപയ്‌ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്‌ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു. കുറഞ്ഞത് രണ്ടരലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം നല്‍കാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് കൗണ്‍സിലര്‍ ദിഷ പറഞ്ഞു.
ഫ്‌ളാറ്റ് പൊളിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പല വീടുകളുടേയും ഭിത്തിവിള്ളലുകള്‍ വലുതായി. പളിയാമ്പള്ളി അജിത്, വഞ്ചിപ്പുരയ്‌ക്കല്‍ ശ്രീകല സുരേഷ്, നെടുമ്പള്ളിയില്‍ സുഗുണാനന്ദന്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പത്തോളം വീടുകള്‍ക്ക് ചെറുതും വലുതുമായ കേടുണ്ട്. ഇവര്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പലരും സ്വന്തം ചെലവിലും മറ്റ് പലരുടേയും സഹായത്താലും അറ്റകുറ്റപ്പണി ചെയ്തു.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരത്തുക നല്‍കാനായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ജനുവരി 10ന് ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കുന്നതിനാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും മരട് നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ പറഞ്ഞു.
ഫഌറ്റ് അവശിഷ്ടം നീക്കം ചെയ്‌തെങ്കിലും പുഴയില്‍ വീണ കോണ്‍ക്രീറ്റ് മൂന്നുമാസം മുമ്പാണ് നീക്കിയത്. 2020 ജനുവരി 11,12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ അഞ്ച് ഫഌറ്റുകള്‍ പൊളിച്ചത്. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്‌ത്ത് എച്ച്ടുഓ, ആല്‍ഫ സെറിന്‍ (രണ്ട് ടവറുകള്‍), ജെയ്ന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫഌറ്റുകളാണ് പൊളിച്ചത്. മഹാരാഷ്‌ട്രയിലെ എഡിഫൈസ് എഞ്ചിനീയറിങ്, ആഫ്രിക്കയിലെ ജെറ്റ് ഡിമോളിഷന്‍സ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് ആന്‍ഡ് എക്‌സപ്ലൊസീവ് എന്നീ കമ്പനികളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: