തിരുവനന്തപുരം: ദേശീയ ഗെയിംസ് കഴിഞ്ഞ് അഞ്ചാണ്ട് പൂര്‍ത്തിയായെങ്കിലും മെഡല്‍ ജേതാക്കള്‍ക്ക് ജോലിയില്ല. ജോലി നല്‍കുമെന്ന് മന്ത്രിസഭ തീരുമാനമിറക്കി ആറുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ഇതില്‍ പ്രതിഷേധിച്ച് 45 ദേശീയ കായികതാരങ്ങള്‍ പിഞ്ചുകുട്ടികളുമൊത്ത് സെക്രട്ടേറിയറ്റ് നടയില്‍ സമരവുമായെത്തി.
സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ജോലിക്കായി കായിക താരങ്ങള്‍ മന്ത്രി ഇ.പി ജയരാജനെ സമീപിച്ചപ്പോള്‍ നിയമനങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണല്ലോ എന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കി. മറ്റു കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്ന് ജോലി നല്കാനാവുമെന്നത് സംബന്ധിച്ചു കായിക വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ഒരു ഉറപ്പുമില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കുമെന്നായിരുന്നു 2019 ആഗസ്റ്റ് 21 ലെ മന്ത്രിസഭായോഗ തീരുമാനം. 2019 ആഗസ്റ്റ് 28ന് ഉത്തരവ് ഇറക്കി. ധനവകുപ്പിന്റെ ഉടക്കാണ് മെഡല്‍ ജേതാക്കള്‍ക്ക് വിനയായത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നിയമന ഉത്തരവ് നല്‍കേണ്ട ഫയല്‍ ധനവകുപ്പിലേക്ക് പോയതോടെ 83 കായിക താരങ്ങളുടെ തൊഴില്‍ സ്വപ്നം ചുവപ്പുനാടയില്‍ കുരുങ്ങി. നാളുകളായി ധനവകുപ്പില്‍ ‘എ’ സെക്ഷനില്‍ വിശ്രമത്തിലായിരുന്ന ഫയല്‍ പിന്നീട് പൊതുഭരണ വകുപ്പിലേക്ക് കുറിയിട്ടു തിരിച്ചയച്ചു. ധനവകുപ്പ് മടക്കിയ ഫയല്‍ പൊതുഭരണ വകുപ്പിലെ സര്‍വീസസ് ‘ഡി’ സെക്ഷനില്‍ വിശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: