കൊച്ചി: വൈറ്റില മേല്‍പാലം തുറന്നത് അജ്ഞാതരാണെന്നും അതിന്റെ പേരില്‍ പൊലീസ് തങ്ങളെ വേട്ടയാടുകയാണെന്നും വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍. കേസില്‍ അറസ്റ്റിലായ ഏഴ് പ്രവര്‍ത്തകരില്‍ പ്രധാനിയായ വി ഫോര്‍ കൊച്ചി ക്യാമ്പയിന് കണ്ട്രോളര് നിപുണ്‍ ചെറിയാന് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചില്ല.
ഇതിനിടെ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ആഞ്ഞടിച്ചു. വി ഫോര്‍ കൊച്ചി വൈറ്റ് കോളര്‍ മാഫിയയാണെന്നായിരുന്നു മന്ത്രി തുറന്നടിച്ചത്. ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ട വകയില്‍ സര്‍ക്കാരിന് ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് പോയിട്ടില്ലെന്നാണ് വിഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ വാദം.
വി ഫോര്‍ കൊച്ചി സ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്ത്തകന് സൂരജ് എന്നിവരെ കോടതി വ്യാഴാഴ്ച ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടാള് ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ ജാമ്യത്തുക എന്നീ വ്യവസ്ഥയിലാണ് ജാമ്യം. അനുവദി്ച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്വിന്, സാജന് അസീസ് എന്നിവരുടെ ജാമ്യം വെള്ളിയാഴ്ച പരിഗണിക്കും.
ജനവരി 31ന് വൈറ്റില മേല്‍പാലം ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ പ്രകടനം നട്തതിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ചരാത്രിയാണ് അജ്ഞാതരായ ചിലര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പാലം തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടത്. എന്നാല്‍ മറുഭാഗം പൊലീസ് അടച്ചതോടെ വാഹനങ്ങള്‍ പലതും ഏറെ നേരം പാലത്തില്‍ കുടുങ്ങി.
ജനവരി ഒമ്പതിനാണ് പാലത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെ ജാമ്യം തേടി നിപുണ്‍ ചെറിയാന് ഹൈക്കോടതിയെ സമീപിക്കുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: