ഗാന്ധിനഗര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ ആര്‍എസ്എസ് തീരുമാനം.
ഗുജറാത്തിലെ അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ നടക്കുന്ന ആര്‍എസ്എസ് ദേശീയ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. അഞ്ചാം തിയ്യതി ആരംഭിച്ച യോഗത്തില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുത്തിരുന്നു.
‘ആഗസ്ത് അഞ്ചിലെ ഭൂമിപൂജ നടന്നാല്‍ അയോധ്യയില്‍ ബൃഹത്തായ ഒരു രാമക്ഷേത്രം ഉയരും. അഞ്ച് ലക്ഷം ഗ്രാമങ്ങളിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിച്ചേരും. 10 കോടി കുടുംബങ്ങളെ സംഭാവനയ്ക്കായി സമീപിക്കും. ഓരോ കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്ത് രൂപയാണ് ഏറ്റവും ചെറിയ സംഭാവനതുക. താല്പര്യമുള്ളവര്ക്ക് 100ഉം 1000ഉം സംഭാവന ചെയ്യാം. സമ്പന്നകുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് എത്ര തുക വേണമെങ്കില്‍ സംഭാവനയായി നല്‍കാം,’ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍ പറഞ്ഞു.
വിശ്വഹിന്ദുപരിഷത്ത് ഭാരവാഹികളും രാം മന്ദിര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയും യോഗത്തില്‍ പങ്കെടുത്തു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ഒരു ബൃഹല്‍ പദ്ധതി വിഎച്ച്പിയും നേരത്തെ കൈക്കൊണ്ടിരുന്നു. ആര്‍എസ്എസ് വിഎച്ച്പി ജനസമ്പര്‍ക്ക പരിപാടി ജനവരി 15ന് ആരംഭിക്കും.
‘സ്വമേധയാ നല്കാവുന്ന സംഭവന 10, 100, 1000 എന്നീ കൂപ്പണുകളായി കൈപ്പറ്റുമെന്ന് രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി പറഞ്ഞു.
രാജ്യം നേരിടുന്ന സമകാലീക വിഷയങ്ങളും ഈ യോഗത്തില്‍ ചര്‍ച്ചാവിഷയമായി. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പും കര്‍ഷകസമരവും ചര്‍ച്ചയില്‍ കടന്നുവന്നു. യോഗം ജനവരി ഏഴ് വ്യാഴാഴ്ച സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: