നാട്ടിക: നാട്ടികയ്ക്കടുത്ത് കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോകവേ വള്ളംമുങ്ങി മരണത്തെ മുഖാമുഖം കണ്ട നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് 19 വയസ്സുകാരന് ദേവാംഗ് എന്ന എഞ്ചിനയറിംഗ് വിദ്യാര്‍ത്ഥി. ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ദേവാംഗ് ഡ്രോണ്‍ ഉപയോഗിച്ചാണ് ആറ് മണിക്കൂറോളം കടലില്‍ കന്നാസും മറ്റ് പ്ലാസ്റ്റിക് പാത്രങ്ങളും ഉപയോഗിച്ച് പൊങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ താരമായ ദേവാംഗിനെത്തേടി ലോകമെമ്പാടുനിന്നും മലയാളികളുടെ നിലയ്ക്കാത്ത അഭിനന്ദനപ്രവാഹമാണ് ഇപ്പോഴും. പക്ഷെ ദേവാംഗ് വിനയത്തോടെ പറയുന്നു:’മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷിച്ചത് ദൈവമാണ്. അതിന് ഞാന്‍ ഒരു നിമിത്തമായെന്ന് മാത്രം’.
തളിക്കുളത്തെ അമൂല്യ ജുവല്ലറിയുടെ ഉടമ സുബിലിന്റെയും സന്ധ്യയുടെയും ഏക മകനായ ദേവാംഗിന് ഫൊട്ടോഗ്രഫിയോട് പ്രത്യേകിച്ചും ഏയ്റിയല് ഫൊട്ടോഗ്രാഫിയോട് കമ്പമുണ്ട്. അതാണ് അവനെ ഡ്രോണിലേക്ക് അടുപ്പിച്ചത്. അച്ഛന് ഒരു ഡ്രോണ്‍ വാങ്ങിക്കൊടുത്തു. കൊവിഡായതോടെ കോളെജടച്ചതിനാല് ദേവാംഗ് തളിക്കുളത്തെ വീട്ടില്‍ തന്നെയായിരുന്നു പഠനം. അപ്പോള്‍ രാവിലെയും വൈകുന്നേരവും കടലിന്റെയും പ്രകൃതിയുടെയും ആകാശത്ത് നിന്നുള്ള ദൃശ്യം പകര്‍ത്താന്‍ തളിക്കുളം ബീച്ചില്‍ പോകുന്നത് പതിവായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വള്ളം അപകടത്തില്‍പ്പെട്ട് കടലില്‍ മുങ്ങിയ വിവരം അറിഞ്ഞയുടന്‍ അച്ഛനാണ് ദേവാംഗിനെ വിളിച്ചത് -”നിനക്ക് ഇതില്‍ എന്തെങ്കിലും സഹായം ചെയ്യാമെങ്കില്‍ നോക്ക്’. അച്ഛന്റെ നിര്‍ദേശം ദേവാംഗ് കേട്ടു. തന്റെ കയ്യിലുള്ള ഡ്രോണുമായി ദേവാംഗ് ഉടന്‍ അപകടം നടന്ന തമ്പാന് കടവ് ബീച്ചില്ലെത്തി. അവിടെവച്ച് നാട്ടിക എംഎല്‍എ ഗീതാഗോപിയോട് സഹായിക്കാനുള്ള തന്റെ സന്നദ്ധത ദേവാംഗ് അറിയിച്ചു. വാടാനപ്പള്ളി എസ് ഐ ജിനേഷിനോട് എംഎല്‍എ ഇക്കാര്യം പറഞ്ഞു.
എസ് ഐയുടെ സമ്മതത്തോടെ രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്ക് പോകുന്ന വിഷ്ണുമായ എന്ന വള്ളത്തില്‍ ദേവാംഗും ഡ്രോണുമായി കയറി. പതിനഞ്ച് കിലോമീറ്റര്‍ ദൂരം കടലില്‍ സഞ്ചരിച്ചു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം ഏകദേശം അടയാളപ്പെടുത്തിയ ഇടത്ത് നിന്ന് ദേവാംഗ് ഡ്രോണ്‍ പറത്തിവിട്ടു. 60 മീറ്ററോളം ഉയരത്തില്‍ പറന്ന ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറ മുങ്ങിപ്പൊക്കുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രം ഒപ്പിയെടുത്തു. ചെറിയ കറുത്തപൊട്ടുപോലെ ഉള്‍ക്കടലില്‍ ജീവനുമായി മല്ലിടുന്ന മത്സ്യത്തൊഴിലാളികളെ ജീവനോടെ കണ്ടെത്തിയ നിമിഷം ദേവാംഗിന് ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാനാവാത്ത അഭിമാനത്തിന്റെ മുഹൂര്‍ത്തമാണ്. ആദ്യം കണ്ടെത്തിയ മൂന്ന് പേരെ നീന്തല്ക്കാരിറങ്ങി വള്ളത്തില്‍ കയറ്റി. വൈകാതെ നാലമനെയും കണ്ടെത്തി. വേലിയേറ്റസമയമായതിനാല്‍ ആശങ്കയുണ്ടായിരുന്നെങ്കിലും എല്ലാം ശുഭമായി പര്യവസാനിച്ചപ്പോള്‍ ദേവാംഗിന് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: