സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനിടെ കണ്ണീരൊഴുക്കിയ യുവ പേസര്‍ മുഹമ്മദ് സിറാജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെയാണ് സിറാജ് കണ്ണീരൊഴുക്കിയത്. യുവതാരം കണ്ണീര് തുടയ്ക്കുന്ന വിഡിയോ വൈറലായതോടെ പ്രതികരണവുമായി പല പ്രമുഖരും എത്തി. വസീം ജാഫര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ സിറാജിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുമുണ്ട്. സിറാജിന്റെ ദേശസ്നേഹത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് വസീം ജാഫറാണ് ആദ്യം രംഗത്തെത്തിയത്. നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആരാധകര്‍ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ ‘നിങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ് വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
സിഡ്നിയില്‍ സിറാജിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് താരം കളിക്കുന്നത്. മെല്‍ബണിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഇന്നാരംഭിച്ച ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് ആണ്. സിറാജ് ഓസ്ട്രേലിയന്‍ പര്യടനത്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്കു മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് താരം തീരുമാനിച്ചത്.
മുഹമ്മദ് സിറാജിന് നല്കുന്ന പിന്തുണയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും മാനെജ്മെന്റിനേയും പ്രശംസിച്ച് പാകിസ്ഥാന് മുന്‍ പേസ് ബൗളര്‍ ഷൊയിബ് അക്തര്‍ രംഗത്തെയിരുന്നു. ഇന്ത്യന്‍ ടീമിനോ മാനെജ്മെന്റിനോ കളിക്കാരുടെ ജാതിയും മതവും വര്‍ണവും ഒന്നും പ്രശ്നമേ അല്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് യുവ പേസര്‍ മുഹമ്മദ് സിറാജിന് ടീം നല്കുന്ന പിന്തുണ. പിതാവിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്ന സിറാജിനെ ടീം എത്ര വേഗമാണ് ക്രിക്കറ്റിലേക്ക് തിരികെ എത്തിച്ചതെന്ന് അക്തര്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: