തൃശൂര്‍: കൊവിഡ് വാക്സിന് നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ജില്ല സജ്ജം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മുതല്‍ 12 മണി വരെ കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടത്തും. ഡ്രൈ റണ്ണിന് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിഎംഒ ഡോ. കെ.ജെ. റീന അറിയിച്ചു.
ഗവ. മെഡിക്കല്‍ കോളേജിലും അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും ദയ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍. കോ-വിന് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുത്ത 25 പേര്‍ക്ക് വീതമാണ് ഈ സ്ഥാപനങ്ങളില്‍ ഡ്രൈ റണ്‍ നടത്തുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച്് എങ്ങനെ വാക്സിനേഷന് നടത്തണം എന്നതിനുളള പരിശീലനമാണ് ഡ്രൈ റണ്‍. എഡിഎം, ആര്‍ഡിഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ ജില്ലാതല നിരീക്ഷകരാകും. മൂന്ന് സ്ഥലങ്ങളിലും 10-12 വരെയുള്ള സമയത്ത് തന്നെ റണ്‍ പൂര്‍ത്തീകരിക്കും.
വാക്സിന് എത്തിയാല്‍ സൂക്ഷിക്കാന്‍ ആവശ്യമായ ഐസ് ലൈന്ഡ് റെഫ്രിജറേറ്റര്‍, ഡീഫ്രീസര്, വാക്കിങ് കൂളര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായും ഡിഎംഒ അറിയിച്ചു. അവലോകന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്, കളക്ടര്‍ എസ്. ഷാനവാസ്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യ, റൂറല്‍ എസ്പി ആര്. വിശ്വനാഥ്, ഡെപ്യൂട്ടി കളക്ടര്‍ ഡിഎം ഡോ. റെജില്‍ എംസി, കോര്പറേഷന് സെക്രട്ടറി വിനു സി കുഞ്ഞപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: