തൃശൂര്‍: കുതിരാന്‍ തുരങ്കനിര്മ്മാണമുള്പ്പെടെ മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചതോടെ പ്രദേശവാസികള്‍ക്ക് ആശ്വാസം. തൊഴിലാളികളുടെ കുടിശികയുള്ള 10 മാസത്തെ ശമ്പളം രണ്ടു ഗഡുക്കളായി നല്‍കാനാണ് തീരുമാനം. ശമ്പള കുടിശികയും വാഹനങ്ങളുടെ വാടകയും ഉള്‍പ്പെടെ 45 കോടി രൂപ നിര്‍മ്മാണ കമ്പനി നല്‍കാനുണ്ട്.
ജനുവരിയില്‍ ആദ്യത്തെ അഞ്ചു മാസത്തെ കുടിശികയും ഫെബ്രുവരിയില്‍ അടുത്ത അഞ്ചു മാസത്തെ കുടിശികയും നല്‍കാനാണ് തീരുമാനം. ഈ ധാരണയുടെ ഉറപ്പിലാണ് തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്മാറി ജോലിയ്ക്ക് കയറിയത്. നേരത്തേ നടന്ന ചര്‍ച്ചയില്‍ വാഹന ഉടമകളുമായും കുടിശികയുടെ കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.
പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കി ഇരട്ട തുരങ്കങ്ങളില്‍ ഒരെണ്ണം ഒരു മാസത്തിനകം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് കരാര്‍ കമ്പനിയായ കെഎംസിക്ക് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഒന്നാം തുരങ്കത്തിലെ നിര്‍മ്മാണം വൈകാതെ പൂര്‍ത്തിയാക്കാനാണ് കമ്പനി അധികൃതരുടെ ശ്രമം. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്.
എട്ടു മാസം തുടര്‍ച്ചയായി മുടങ്ങിക്കിടന്ന ദേശീയപാത നിര്‍മ്മാണം നവം.21ന് പുനരാരംഭിച്ചെങ്കിലും ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ ജീവനക്കാരും താത്കാലിക തൊഴിലാളികളും വാഹന ഉടമകളും താമസിയാതെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയായിരുന്നു.
തൊഴിലാളികളുടെ ശമ്പളം, വിവിധ ഉപകരാറുകാര്ക്കുള്ള കുടിശിക, ടിപ്പര്‍, ക്രഷര്‍ ഉടമകള്‍ക്കുള്ള കുടിശിക എന്നിവയടക്കം നിലവില്‍ 65 കോടി രൂപയുടെ ബാധ്യത കെഎംസി കമ്പനിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: