തൃശൂര്‍: കേരള പോലീസിന്റെ ഹാക്ക് ചെയ്ത വെബ്സൈറ്റ് തിരിച്ചെടുക്കാനായില്ല. ഹാക്ക് ചെയ്തവര്‍ സേനയുടെ നിര്‍ണ്ണായക വിവരങ്ങള്‍ പോലും ചോര്‍ത്തിയെന്ന് സംശയം ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗുരുതരമെന്ന് രഹസ്യാന്വേഷണ വിഭാഗം. അന്വേഷണം പൂര്‍ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. കേരള പോലീസിന്റെ സൈബര്‍ വിഭാഗമാകട്ടെ ഒന്നും ചെയ്യാനാകാത്ത പരിതാപകരമായ അവസ്ഥയിലും.
കേരള പൊലീസ് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഒരാഴ്ചയിലേറെ ആയിട്ടും തിരിച്ചെടുക്കാനാവാത്തതാണ് നാണക്കേടാകുന്നത്. കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. സമൂഹമാധ്യമ പേജിലൂടെ പരസ്യമായി അവകാശവാദമുന്നയിച്ചിട്ടും അവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് കേരള പോലീസിന്റെ സൈബര്‍ വിഭാഗം.
വെബ്സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. കേരള പോലീസിന്റെ പരിശീലന വിവരങ്ങളടക്കം ചോര്‍ത്തിയതായാണ് സൂചന. തോക്ക് ഉള്‍പ്പെടെ ആയുധങ്ങളുടെ വിവരങ്ങളും കണക്കുകളും വിവിധ പരിശീലന പദ്ധതികളും സുരക്ഷാ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് തലപ്പത്തുള്ളവര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സൈബര്‍ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് പരസ്യമായി രംഗത്ത് വന്നവരെപ്പോലും കണ്ടെത്താന്‍ കഴിയാത്തതിലും ദുരൂഹതയുണ്ട്.
ഡിസംബര്‍ 30ന് ആണ് നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അക്കാദമിയുടെ www.keralapoliceacademy.gov.in/ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് തയാറാക്കാനും അപ്ഡേറ്റ് ചെയ്യാനും
സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയതിനാലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: